ബെംഗളൂരു: പാർട്ടിയെ കേഡർ അധിഷ്‌ഠിതമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇതിനായി സംസ്ഥാനത്ത് പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ കർണാടക കോൺഗ്രസിൻ്റെ എല്ലാ ബ്ലോക്ക് യൂണിറ്റുകളും പിരിച്ചുവിടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാർ കൂട്ടിച്ചേര്‍ത്തു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസിന് ഇപ്പോൾ പുതിയ രക്തം ആവശ്യമാണെന്ന് അദ്ദേഹം പാർട്ടിക്കാരോട് പറഞ്ഞു. 'കോൺഗ്രസ് കുടുംബം' എന്ന പേരിൽ ഒരു പുതിയ പരിപാടി ആരംഭിക്കുന്നു, അതില്‍ എല്ലാ ബൂത്തുകളില്‍ നിന്നും അമ്പത് കുടുംബങ്ങളെ അംഗങ്ങളാക്കാനുള്ള ചുമതല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ആർഎസ്എസിനെ (കേഡർമാരെ) ഉപയോഗിക്കുന്ന രീതി നോക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ പാർട്ടി ആർഎസ്എസില്ലാതെയും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞതായും ശിവകുമാർ എടുത്തു പറഞ്ഞു.
ആർഎസ്എസില്ലാതെ അവർ (ബിജെപി) പൂജ്യമാണ്, എനിക്ക് ഇപ്പോൾ അതിലേക്ക് കടക്കാൻ താൽപ്പര്യമില്ല, അതിനെക്കുറിച്ച് മറ്റൊരിക്കൽ ഞാൻ സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഈ കുടുംബത്തെ വളർത്തിയെടുക്കണം, അതിനെ കേഡർ അധിഷ്‌ഠിത പാർട്ടിയാക്കി മാറ്റുകയും പ്രവർത്തകർക്ക് ശക്തി നൽകുകയും വേണം, എല്ലാവരും അതിന് തയ്യാറാകണമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന് ഇനി നാല് വർഷം കൂടിയുണ്ട്, ഇത് നാല് വർഷത്തെ സർക്കാരല്ല, ഇത് പത്ത് വർഷത്തെ സർക്കാരാണെന്ന് ശിവകുമാർ പറഞ്ഞു "നിങ്ങളുടെ പോരാട്ടത്തിലൂടെ കർണാടകയിൽ കോൺഗ്രസ് സർക്കാര്‍ അധികാരത്തിൽ വന്നു. സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്‌തു. കർണാടകയും ഇന്ത്യ സഖ്യത്തിന്‍റെ അടിത്തറയുറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇവിടെ നിന്നാണ് സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടത്, ശിവകുമാർ പറഞ്ഞു.
പാർലമെൻ്റ് തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടി പുതുമുഖങ്ങൾക്ക് ഒരു കുഴപ്പവുമില്ലാതെ ടിക്കറ്റ് നൽകിയത് ഭാവി കണക്കിലെടുത്തുകൊണ്ടാണെന്നും ശിവകുമാർ വ്യക്തമാക്കി. സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച യുവാക്കൾക്ക് ഞങ്ങൾ മുൻഗണന നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടി ഓഫീസുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ശിവകുമാർ പങ്കുവെച്ചു. "ഞങ്ങൾ ഒരു പുതിയ ബെംഗളൂരു സിറ്റി ഓഫീസ് നിർമ്മിക്കും, കൂടാതെ നഗരത്തിലെ റേസ്‌കോഴ്‌സ് റോഡിലുള്ള പാർട്ടി ഓഫീസ് പൊളിച്ച് പുനർനിർമ്മിക്കും," അദ്ദേഹം പറഞ്ഞു, എല്ലാ പാർട്ടി പ്രവർത്തകരും മന്ത്രിമാരും നേതാക്കളും പാർട്ടിക്ക് സംഭാവന നൽകാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ALSO READ:മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്