ന്യൂഡല്‍ഹി: ഞായറാഴ്‌ചയും മഞ്ഞ് പുതച്ച് ഡല്‍ഹി. തുടര്‍ച്ചയായ മൂന്നാദിവസവും അതിശൈത്യത്തിന്‍റെ പിടിയിലാണ് രാജ്യതലസ്ഥാനം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യോമ-റെയില്‍ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരത്തില്‍ ശീതതരംഗം തുടരുകയാണ്. താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ നിരവധി വിമാനങ്ങള്‍ വൈകുന്നു.
അതേസമയം വിമാനത്താവളത്തിലേക്ക് വിമാനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. കാറ്റഗറി മൂന്ന് വിഭാഗത്തില്‍ വരാത്ത വിമാനങ്ങളുടെ സര്‍വീസിനെ മൂടല്‍ മഞ്ഞ് ബാധിക്കും. വിമാന വിവരങ്ങള്‍ക്കായി യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള അസൗകര്യങ്ങളില്‍ ഖേദവും അധികൃതര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനുകളിലേക്കുള്ള മിക്ക ട്രെയിനുകളും വൈകുകയാണ്. അതിനിടെ രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക വളരെ മോശം സ്ഥിതിയില്‍ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ സൂചിക 377 ആണ്. കഴിഞ്ഞ ദിവസമിത് 385 ആയിരുന്നു.
അതിശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ വീടില്ലാത്ത പലരും രാത്രി അഭയകേന്ദ്രങ്ങളിലാണ് കഴിച്ച് കൂട്ടുന്നത്. ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്‍റ് ബോര്‍ഡ് വീടില്ലാത്തവര്‍ക്കായി 235 പഗോഡ ടെന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ രാത്രി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എയിംസ്, ലോധി റോഡ്, നിസാമുദ്ദീന്‍ മേല്‍പ്പാലം എന്നിവിടങ്ങളിലാണ് പ്രധാനമായും രാത്രി അഭയകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും സമാനമായ കാലാവസ്ഥയാണ്. പലയിടത്തും കനത്ത മൂടല്‍മഞ്ഞും ശീതതരംഗവുമുണ്ട്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ താപനില 11 ഡിഗ്രിയാണ് രാവിലെ രേഖപ്പെടുത്തിയത്. ജമ്മുകശ്‌മീരിലെ താപനില രാവിലെ 5.30ന് ഒരുഡിഗ്രി സെല്‍ഷ്യസാണ്. ചണ്ഢിഗഢില്‍ 9.1 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ രേഖപ്പെടുത്തിയത്.
Also Read:ചൈനയില്‍ ശ്വാസകോശരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംയുക്ത യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം