ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. മണിക്കൂറുകളുടെ ഇടവേളയില്‍ ഇന്ന് രാവിലെയോടെ ആറ് സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്.
പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്‌ജ് സ്‌കൂൾ, ഡിപിഎസ് അമര്‍ കോളനി, ഡിഫൻസ് കോളനിയിലെ സൗത്ത് ഡല്‍ഹി പബ്ലിക് സ്‌കൂള്‍, സഫ്‌ദർജംഗിലെ ഡൽഹി പൊലീസ് പബ്ലിക് സ്‌കൂൾ, രോഹിണിയിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
പുലര്‍ച്ചെ 12.54നാണ് സ്‌കൂളുകളിലേക്ക് സന്ദേശം എത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളുകളിലെ പിടിഎ മീറ്റിങ്, സ്പോര്‍ട്‌സ് മീറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും സന്ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതായാണ് വിവരം. ഇന്നും നാളെയും സ്‌കൂളുകളില്‍ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തില്‍ ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.
ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളെ അറിയിച്ചു. പൊലീസ്, ഫയര്‍ ഫോഴ്സ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ പരിശോധന തുടരുകയാണ്.
ഒരാഴ്‌ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണ് ഇതെന്ന് വാര്‍ത്തകളോട് പ്രതികരിച്ച ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ കുട്ടികളെ കാര്യമായി തന്നെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.