ന്യൂഡല്‍ഹി:പ്രണയനൈരാശ്യം മൂലം കാമുകന്‍ ആത്മഹത്യ ചെയ്‌താല്‍ കാമുകിയെ കുറ്റക്കാരിയാക്കി ജയിലിലടയ്ക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരാളുടെ മനോദൗര്‍ബല്യം മൂലമാണ് ഇത്തരമൊരു മോശം തീരുമാനം എടുക്കാന്‍ കാരണമെന്നും കോടതി നിരീക്ഷിച്ചു.
മറ്റൊരാളെ ഇക്കാര്യത്തില്‍ കുറ്റക്കാരാക്കാനാകില്ലെന്നും ജസ്‌റ്റിസ് അമിത് മഹാജന്‍ ചൂണ്ടിക്കാട്ടി. രണ്ട് പേര്‍ക്ക് ജാമ്യം നല്‍കുന്ന വേളയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. പ്രണയ നൈരാശ്യം മൂലം കമിതാക്കളില്‍ ഒരാള്‍ ജീവനൊടുക്കിയാലോ പരീക്ഷയിലെ മോശം പ്രകടത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌താലോ കേസ് തോല്‍ക്കുമ്പോള്‍ ഒരാള്‍ ജീവിതം അവസാനിപ്പിക്കുമ്പോഴോ സംഭവത്തില്‍ ഉള്‍പ്പെട്ട കാമുകിയെയോ, പരീക്ഷകനെയോ, അഭിഭാഷകനെയോ കുറ്റക്കാരാക്കി ജയിലിലടയ്ക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രില്‍ പതിനാറിനാണ് ഡല്‍ഹി ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. 2023 ല്‍ ഒരാള്‍ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസില്‍ ഒരു സ്‌ത്രീയ്ക്കും അവരുടെ ആണ്‍സുഹൃത്തിനും മുന്‍കൂര്‍ ജാമ്യം നല്‍കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
മരിച്ച യുവാവിന്‍റെ പിതാവാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയത്. യുവതി ആത്മഹത്യ ചെയ്‌ത തന്‍റെ മകനുമായി പ്രണയത്തിലായിരുന്നുെവന്നും എന്നാല്‍ അവരുടെ സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്നു അറിയിച്ചതോടെയാണ് അവന്‍ ആത്മഹത്യ ചെയ്‌തതെന്നുമാണ് പിതാവിന്‍റെ ആരോപണം. ഈ സ്‌ത്രീയും അവരുടെ സുഹൃത്തും മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
ഈ സ്‌ത്രീ സംസാരിക്കാന്‍ വിസമ്മതിക്കുമ്പോഴൊക്കെ താന്‍ ജീവനൊടുക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
മരിച്ചയാള്‍ ഇവരുടെ പേര് പരാമര്‍ശിക്കുന്നുവെന്നത് ശരിയാണെങ്കിലും ശരിയായ മാനസിക നിലയുള്ള ഒരു വ്യക്തി ഒരിക്കലും ആത്മഹത്യയിലേക്ക് പോകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരോടുള്ള പ്രതികാര നടപടി മാത്രമാണിത്. ആരോപണ വിധേയരായവര്‍ക്ക് ഇയാളെ ആത്മഹത്യയിലേക്ക് തള്ളി വിടണമെന്ന യാതൊരു താത്‌പര്യവും ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നല്‍കിയെങ്കിലും ഇവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read:ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കെജ്‌രിവാളിന് സഹായം വേണം: പൊതുതാത്‌പര്യ ഹര്‍ജി