ന്യൂഡൽഹി: ഭാര്യയുടെ ലിംഗനിർണയം നടത്താൻ ഉത്തരവിടണമെന്നുള്ള ഭർത്താവിന്‍റെ ഹർജി തളളി ഡൽഹി ഹൈക്കോടതി. ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നും ലിംഗനിർണയം നടത്താൻ ഉത്തരവിടണമെന്നുമായിരുന്നു ഹർജി. എന്നാല്‍ സ്വകാര്യ വ്യക്തികൾക്കെതിരെ റിട്ട് ഹർജികൾ ബാധകമല്ലെന്നും വിവാഹ തർക്കങ്ങൾ അത്തരം ഹർജികൾക്ക് അനുയോജ്യമല്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു.
ഈ കേസില്‍ വൈദ്യ പരിശോധനയ്‌ക്ക് ഉത്തരവിടുന്നത് മാനസിക സംഘർഷത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഹാരം ലഭിക്കുന്നതിനായി ഉചിതമായിട്ടുളള കോടതിയെ സമീപിക്കാൻ കോടതി ഭർത്താവിനോട് പറഞ്ഞു. ലിംഗനിർണയം നടത്തുന്നതിനായി ചൊവ്വാഴ്‌ചയാണ് ഭർത്താവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
തൻ്റെ ഭാര്യ ഒരു ട്രാൻസ്‌ജെൻഡറാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. വിവാഹത്തിന് മുമ്പ് ഇക്കാര്യം മറച്ചുവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം തന്നിൽ മാനസികമായ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും പിന്നീട് തൻ്റെ ഭാര്യ തനിക്കെതിരെ തെറ്റായ പരാതികൾ നൽകിയെന്ന് പരാതിക്കാരൻ പറയുന്നു.