ന്യൂഡൽഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്‌റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി. ഡൽഹി റൂസ് അവന്യൂ കോടതി സ്പെഷ്യൽ ജഡ്‌ജി കാവേരി ബവേജയാണ് കാലാവധി നീട്ടിയത്. ചോദ്യം ചെയ്യലില്‍ കവിത സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായി സിബിഐ കസ്‌റ്റഡിയിലായിരുന്നു കവിത. ഇതുവരെ ശേഖരിച്ച തെളിവുകളെ മുന്‍നിര്‍ത്തി കവിതയെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
സിബിഐ സമര്‍പ്പിച്ച തെളിവുകൾ പരിശോധിക്കുമ്പോള്‍, കവിതയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി ജഡ്‌ജി വ്യക്തമാക്കി. കവിതയ്ക്ക് വേണ്ടി അഡ്വക്കേറ്റ് നിതേഷ് റാണ, ദീപക് നഗർ, മോഹിത് റാവു എന്നിവര്‍ ഹാജരായി.
കഴിഞ്ഞ ആഴ്‌ചയാണ് കവിതയെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതി കേസില്‍ മാർച്ച് 15-ന് ആണ് ഇഡി കവിതയെ അറസ്‌റ്റ് ചെയ്യുന്നത്. ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലിരിക്കെയാണ് കവിതയെ സിബിഐ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തത്.
Also Read :'ആം ആദ്‌മിക്ക് 25 കോടി, നല്‍കിയില്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്ന് ഭീഷണി'; കെ കവിതയ്‌ക്കെതിരെ സിബിഐ - CBI Against K Kavitha In Court