ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ഡല്‍ഹിയിലും കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഡല്‍ഹിയിലെ സീമാപുരി നിയോജക മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വീര്‍ സിങ് ദിംഗനാണ് വെള്ളിയാഴ്‌ച പാര്‍ട്ടി വിട്ടത്. ഡല്‍ഹി ഭരണത്തിലുള്ള ആം ആദ്‌മിയിലേക്കാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ചുവടുമാറ്റം.
ആം ആദ്‌മി പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എഎപി ദേശീയ കണ്‍വീനറും മുൻ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് വീര്‍ സിങ്ങിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. വീര്‍ സിങ്ങിന്‍റെ വരവ് ആം ആദ്‌മിയെ കൂടുതല്‍ ശക്തരാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഞങ്ങളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് ജനങ്ങള്‍ ആം ആദ്‌മിക്ക് വോട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് നല്ലവരായ ആളുകള്‍ എല്ലാം ഞങ്ങളെ പിന്തുണയ്‌ക്കുന്നതും മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ഇങ്ങോട്ടേക്ക് വരുന്നതും.
മികച്ച പ്രവര്‍ത്തനം നമ്മള്‍ കാഴ്‌ചവച്ചാല്‍ ജനങ്ങള്‍ ഉറപ്പായും വോട്ട് നല്‍കും. നമ്മള്‍ മികച്ച രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവര്‍ ഒരിക്കലും നമുക്ക് വോട്ട് ചെയ്യില്ല'- അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ, ബിജെപിയില്‍ നിന്നും നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തിയെന്നും ഭാവിയിലും ഇത് ആവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത് എഎപിയും അരവിന്ദ് കെജ്‌രിവാളുമാണെന്ന് വീര്‍ സിങ് ദിംഗൻ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read :ഡൽഹി വായുമലിനീകരണം: പ്രൈമറി ക്ലാസുകൾ ഓൺലൈനാക്കുമെന്ന് മുഖ്യമന്ത്രി അതിഷി