ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ആംആദ്‌മി പാര്‍ട്ടി എംഎല്‍എമാരുമായി പ്രത്യേക യോഗം ചേരും. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി എംഎല്‍എമാരുമായി എഎപി അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി നടത്തുന്ന ആദ്യ യോഗമാണിത്. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11 മണിക്ക് എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം ഉച്ചയ്‌ക്ക് ഒരു മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനവും നടത്തും.
ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കാൻ അരവിന്ദ് കെജ്‌രിവാള്‍ ഇന്നും റോഡ് ഷോയില്‍ പങ്കെടുക്കും. നാല് മണിക്ക് ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തിലെ മോട്ടി നഗറിലും ആറ് മണിക്ക് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറിലും നടക്കുന്ന റോഡ് ഷോയിലാണ് കെജ്‌രിവാള്‍ പങ്കെടുക്കുക.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം വെള്ളിയാഴ്‌ചയായിരുന്നു (മെയ് 10) അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് വരെയാണ് കെജ്‌രിവാളിന്‍റെ ജാമ്യം. ജൂണ്‍ രണ്ടിന് അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും ബിജെപിയ്‌ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു കെജ്‌രിവാള്‍ നടത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ കെജ്‌രിവാളിന്‍റെ പ്രതികരണം.