ചണ്ഡീഗഡ്: കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ശംഭു അതിർത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദല്ലേവാൾ പറഞ്ഞു.
കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രസ്‌താവനയിൽ പറഞ്ഞതായി ദല്ലേവാൾ. കർഷക നേതാക്കൾ ചർച്ചകൾക്കായി സഹ കർഷകരുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ചർച്ചകൾ ചണ്ഡീഗഡിൽ നടക്കണം എന്നതാണ് ഞങ്ങളുടെ മുൻഗണന, കേന്ദ്രം ഒരു ക്ഷണം നൽകുകയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്‌താൽ അത് കേൾക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.'
പഞ്ചാബിന്‍റെയും ഹരിയാനയുടെയും രണ്ട് അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്കെതിരായ പൊലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു. എന്നാൽ, പ്രതിഷേധിച്ച കർഷകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്ന ഹരിയാന പൊലീസിന്‍റെ വാദങ്ങളെ നിഷേധിച്ചു.