ബെംഗളൂരു:അപകീര്‍ത്തി കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും കേസെടുക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. ബിജെപി പാര്‍ട്ടിക്കെതിരെ ശിവജി നഗര്‍ എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ബിജെപിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
2019-ൽ നിയമസഭാ കൗൺസിൽ അംഗമായിരുന്ന റിസ്‌വാൻ അർഷാദ് തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കാണിച്ചുവെന്ന് ആരോപിച്ച്, ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബിജെപിയുടെ പോസ്റ്റുകൾ തന്‍റെ വ്യക്തിത്വത്തിന് ഭീഷണിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി റിസ്‌വാൻ അർഷാദ് ബിജെപിക്കും ബാലാജി അശ്വിന്‍ എന്നയാള്‍ക്കുമെതിരെ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി, ബി.ജെ.പി പാർട്ടിക്കും പ്രസിഡന്‍റിനും സമൻസ് അയച്ചു. ഇത് ചോദ്യം ചെയ്‌താണ് ബിജെപി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ഇത്തരം ക്രിമിനൽ നടപടികളിൽ രാഷ്ട്രീയ പാര്‍ട്ടികളെയും കക്ഷിയാക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മതിയായ സംരക്ഷണം ജനാധിപത്യത്തിൽ ആവശ്യമാണ്. അതിനാൽ അപകീർത്തി കുറ്റം നിസ്സാരമായി കാണാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.