തമിഴ്‌നാട്: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പല ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് എഐഎഡിഎംകെ. അതിനാലാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ ആരോപിച്ചു. എന്തുകൊണ്ടാണ് കേസ് സിബിഐക്ക് വിടാത്തത്? സിബിഐ അന്വേഷിച്ചാൽ ഭരിക്കുന്ന സർക്കാരിലെ പല ഉന്നത നേതാക്കളും കുടുങ്ങുമെന്ന് അവർ ഭയപ്പെടുന്നു. അവർ ഏകാംഗ കമ്മീഷനെ രൂപീകരിച്ചു. അത്കൊണ്ട് എന്ത് പ്രയോജനം? ഈ കമ്മീഷൻ യഥാർത്ഥ പ്രശ്‌നം ലഘൂകരിക്കുകയാണ് ചെയ്യുകയെന്നും ജയകുമാർ പറഞ്ഞു.
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഉണ്ടോ ഇല്ലയോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കഴിഞ്ഞ വർഷം വില്ലുപുരത്തും ചെങ്കൽപട്ടിലും സമാനമായ ദുരന്തം ഉണ്ടായപ്പോൾ ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാവാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ എന്ത് സംഭവിച്ചുവെന്നും ജയകുമാർ ചോദിച്ചു.
ആവശ്യത്തിന് മരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ, നിരവധി ജീവൻ രക്ഷിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഞങ്ങളുടെ നേതാവ് പളനിസ്വാമി ഉന്നയിക്കുകയും തുടർന്ന് സംസ്ഥാന മെഡിക്കൽ വകുപ്പ് അടിയന്തരമായി മരുന്നുകൾ വാങ്ങുകയും ചെയ്‌തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കള്ളിക്കുറിച്ചി ജില്ലയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി ഉയർന്നിരുന്നു. 111 പേർ കള്ളിക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുതുച്ചേരിയിൽ 11 പേർ, സേലം ജില്ലയിൽ 30, വില്ലുപുരം ജില്ലയിൽ 4 പേർ എന്നിങ്ങനെ ആളുകള്‍ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. സംസ്ഥാനത്തെ 5 സർക്കാർ ആശുപത്രികളിലായി 157 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. വില്ലുപുരം മെഡിക്കൽ കോളേജിൽ ഒരാളും പോണ്ടിച്ചേരിയിലെ ജിപ്‌മറിൽ 3 പേരും മരിച്ചിരുന്നു.
ALSO READ:അഹമ്മദാബാദ് പൗഡർ കോട്ടിങ് സ്ഥാപനത്തിലെ സ്‌ഫോടനം; രണ്ടു പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്