കേരളം

kerala

ETV Bharat / bharat

ചുഴലിക്കാറ്റ് മുന്നറിയിപ്പ് വീണ്ടും, കേരളത്തിലും ജാഗ്രത; കരതൊടുക പുതുച്ചേരിയില്‍ - CYCLONE FENGAL HIGH ALERT IN KERALA

കേരളത്തില്‍ ഉള്‍പ്പെടെ വ്യാപക മഴയ്‌ക്ക് സാധ്യത. ശനിയാഴ്‌ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പുതുച്ചേരിയില്‍ കാറ്റിന്‍റെ വേഗം 90 കിലോമീറ്ററായേക്കും.

CYCLONE FENGAL  ORANGE ALERT IN KERALA  CYCLONE FENGAL TAMIL NADU  PUDUCHERRY CYCLONE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 29, 2024, 10:42 AM IST

Updated : Nov 29, 2024, 10:50 AM IST

ചെന്നൈ:ദക്ഷിണേന്ത്യ വീണ്ടും ഫെംഗല്‍ ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. ഇത്തവണ മുന്നറിയിപ്പ് പുതുച്ചേരിയിലണ്. വര്‍ധിത ശക്തിയോടെ ശനിയാഴ്‌ച ഫെംഗല്‍ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കേരളത്തിലും ജാഗ്രത; ഓറഞ്ച് അലര്‍ട്ട്

ഫെംഗല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരിലും മലപ്പുറത്തും ശനിയാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്‌ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മറ്റന്നാള്‍ (ഡിസംബര്‍ 1) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. എന്നാല്‍, നാളെയും മറ്റന്നാളും സംസ്ഥാനത്തും മഴ ശക്തമാകാനാണ് സാധ്യത. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്‌ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റന്നാളും യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

High tides lash at Marina Beach as Tamil Nadu braces for Cyclone Fengal (ANI)

രൂപം മാറി

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ഈ ന്യൂനമര്‍ദം നിലവില്‍ നാഗപട്ടണത്തിന് ഏകദേശം 330 കിലോമീറ്റര്‍ തെക്ക് കിഴക്കും പുതുച്ചേരിയില്‍ നിന്നും ഏകദേശം 390 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയില്‍ നിന്നും 430 കിലോമീറ്റര്‍ തെക്ക്-തെക്ക് കിഴക്കുമായാണുള്ളത്. ഇത് ചുഴലിക്കാറ്റായി പുതുച്ചേരിയിലെ കാരക്കാലിനും മഹാബലിപുരത്തിനും ഇടയിലായി കരതൊടുമെന്നാണ് ഐഎംഡി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്.

ഈ സമയം ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ 65 കിമീ വേഗത്തിലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പിന്നീട് ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളുടേയും മുന്നറിയിപ്പ് സംവിധാനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tamil Nadu Braces For Cyclone Fengal (ANI)

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം നാളെ ഉച്ചക്ക് ശേഷം രണ്ട് മുപ്പതോടു കൂടി പുതുച്ചേരിക്ക് സമീപം കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കരതൊടുമ്പോൾ 90 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സ്ഥലത്തുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.ഇന്ത്യന്‍ നാവിക സേനയും ഏത് സാഹചര്യവും നേരിടാന്‍ സന്നദ്ധമായി രംഗത്തുണ്ട്. തീരദേശ ജില്ലകളില്‍ കാറ്റിനും മഴയ്‌ക്കുമൊപ്പം കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്.

Tamil Nadu Braces For Cyclone Fengal (ANI)

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കൂടല്ലൂര്‍, വില്ലുപുരം ജില്ലകളില്‍ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചു.

Paddy fields surrounded by rainwater in Sembayavarambal village near Kumbakonam (ETV Bharat)

800 ഏക്കറിലധികം സ്ഥലത്തെ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലായി. കാമേശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വേന്ദ്രപ്പ, വനമാദേവി, വല്ലപ്പള്ളം, കാളിമിഠ്, എരവയൽ, ചെമ്പോയിടി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്‌ടങ്ങള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മിഷോങ്ങ് ചുഴലിക്കാറ്റും 2022 ല്‍ മാന്‍ഡസ് ചുഴലിക്കാറ്റും 2020 ല്‍ നിവാര്‍ ചുഴലിക്കാറ്റും നാശം വിതച്ച അതേ പാതയിലാണ് ഇത്തവണ ഫെംഗല്‍ ചുഴലിക്കാറ്റിന്‍റേയും സഞ്ചാര ഗതി.

Also Read :ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; നാളെയും മറ്റന്നാളും ശക്തമായ മഴയ്‌ക്ക് സാധ്യത

Last Updated : Nov 29, 2024, 10:50 AM IST

ABOUT THE AUTHOR

...view details