ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം പിന്നിട്ടതിന്‍റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭരണഘടന ദിനത്തില്‍ സംവിധാൻ സദനിലെ ചരിത്രപരമായ സെൻട്രൽ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികത രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ ശാശ്വതമായ പ്രാധാന്യം രാഷ്‌ട്രപതി തന്‍റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി, സംസ്‌കൃതത്തിലും മൈഥിലിയിലും വിവർത്തനം ചെയ്‌ത ഭരണഘടനയുടെ പതിപ്പുകൾ രാഷ്‌ട്രപതി പുറത്തിറക്കി. കൂടാതെ, ഒരു സ്‌മാരക നാണയവും ഒരു തപാൽ സ്റ്റാമ്പും രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തിട്ടുണ്ട്.
മാർഗനിർദേശ തത്വങ്ങൾ ഊന്നിപ്പറയുന്നതിനായി രാഷ്‌ട്രപതിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം സംയുക്ത സമ്മേളനത്തില്‍ വായിക്കുകയും ചെയ്‌തു. ഡോ. ബിആർ അംബേദ്‌കറുടെ നേതൃത്വത്തിൽ, 1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരികയും ചെയ്‌തു.