ന്യൂഡല്‍ഹി:ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ വര്‍ഷം മുഴുവന്‍ നീളുന്ന പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചിക്കാനായി 2025 ജനുവരി മൂന്ന് വരെ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ജനുവരി മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നീക്കം നടത്തുന്നത്.
ഒരു വര്‍ഷം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് 2025 ജനുവരി 26ന് തുടക്കമാകും. 2026 ജനുവരി 26 വരെ നീളുന്ന പ്രതിഷേധങ്ങള്‍ക്കാണ് കോണ്‍ഗ്രസ് രൂപം കൊടുത്തിട്ടുള്ളത്. 2022 ഉദയ്‌പൂര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ളത് പോലെ പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉദയ്‌പൂര്‍ പ്രഖ്യാപനത്തിലെ ഏഴെണ്ണത്തില്‍ നാലെണ്ണവും കോണ്‍ഗ്രസ് നടപ്പാക്കിക്കഴിഞ്ഞു. അവശേഷിക്കുന്നവ 2025 ല്‍ നടപ്പാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 2022 ലും 2023 ലും രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും പോലുള്ളവയുടെ പരിഷ്‌ക്കരിച്ച രൂപങ്ങള്‍ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമായി അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഗ്രാമങ്ങളിലേക്ക് കടന്ന് ചെല്ലണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി യൂണിറ്റുകളുടെ നേതൃസ്ഥാനങ്ങളിലേക്ക് പുതിയ പുതിയ ആളുകള്‍ കടന്ന് വരണമെന്ന നിര്‍ദ്ദേശവും ഇവര്‍ ഉയര്‍ത്തുന്നു. അടുത്ത കൊല്ലം മുഴുവന്‍ എന്‍ഡിഎയെ നേരിടാനുള്ള വഴിയിലാകും കോണ്‍ഗ്രസെന്നും എഐസിസി നേതാവ് ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
സംഘടനയ്ക്കാണ് പ്രഥമ പരിഗണന. ഒരു ദേശീയ പാര്‍ട്ടിക്ക് ശക്തമായ സംഘാടനം വേണം. ഇതാണ് അവരെ അധികാരത്തിലെത്താന്‍ സഹായിക്കുന്നത്. നേതൃത്വത്തെ തങ്ങളുടെ നയങ്ങളും പദ്ധതികളും നടപ്പാക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സമയാസമയങ്ങളില്‍ നിരവധി സംഘടനാ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്കിലും പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. നിരവധി കഴിവുള്ളവര്‍ക്ക് അവസരം കിട്ടാതെയുണ്ട്. ഇത്തരം ആളുകളെ കണ്ടെത്താന്‍ യാതൊരു വിഷമവും ഇല്ലെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബെലഗാവിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനെക്കുറിച്ച് ധാരണയായിരുന്നു. നൂറ് വര്‍ഷം മുമ്പ് ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് ബെലഗാവിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലായിരുന്നു.
മഹാത്മാഗാന്ധിയുടെയും ബി ആര്‍ അംബേദ്‌ക്കറുടെയും ആശയങ്ങളിലൂന്നിയുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. താഴെത്തട്ടില്‍ വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതില്‍ അണിചേരും. ഭാരത് ജോഡോ യാത്രകള്‍ പാര്‍ട്ടിക്ക് ഏറെ കരുത്ത് പകര്‍ന്നിരുന്നു. ജനങ്ങളില്‍ നിന്നും ഈ യാത്രകള്‍ക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. പുതുവര്‍ഷത്തിലും സമാന പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
തങ്ങള്‍ അധികാരത്തിനല്ല പ്രാമുഖ്യം നല്‍കുന്നത്, മറിച്ച് അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇപ്പോള്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാം പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോകുന്നുവെന്നും മധ്യപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ചന്ദന്‍ യാദവ് ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read:'കോണ്‍ഗ്രസ് ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വം ഉപേക്ഷിക്കേണ്ടത് അനിവാര്യം': മണിശങ്കര്‍ അയ്യര്‍