ന്യൂഡൽഹി: എസ്‌സി/എസ്‌ടി ക്വാട്ട വിഷയത്തിൽ ഉന്നത എഐസിസി, സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആഗസ്റ്റ് 13ന് ആണ് യോഗം ചേരുക. ചില സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പിസിസി മേധാവികൾ എന്നിവരുടെ യോഗം ഓഗസ്റ്റ് 13-ന് വിളിച്ചിട്ടുണ്ടെന്ന് എഐസിസി ഭാരവാഹി കെസി വേണുഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.
മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ, സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് രാജ്യത്തുടനീളമുള്ള ഉന്നത നേതാക്കളുടെ സമ്മേളനം നടത്തുന്നത്.
എസ്‌സി/എസ്‌ടി ക്വാട്ടയില്‍ പാര്‍ട്ടിയുടെ നിലപാട് ഉറപ്പിക്കാനാണ് യോഗം വിളിച്ചുചേര്‍ക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ പിഎൽ പുനിയ ഇടിവി ഭാരതിനോട് പറഞ്ഞു. 'പാർട്ടിക്കുള്ളിൽ പ്രശ്‌നം ചർച്ച ചെയ്യുകയും ഇതില്‍ ഒരു കാഴ്‌ചപ്പാട് ഉറപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒബിസികളുടെ ക്വാട്ട എസ്‌സി/എസ്‌ടി ക്വാട്ടയിൽ നിന്ന് വ്യത്യസ്‌തമാണ്. 'ഒരാൾക്ക്, ഒരു വോട്ട്' എന്ന രൂപത്തിൽ രേഖകളില്‍ രാഷ്‌ട്രീയ സമത്വമുണ്ടെന്നും എന്നാൽ ചരിത്രപരമായ ഘടകങ്ങളുടെ ഫലമായി സാമൂഹിക സമത്വമില്ലെന്നുമാണ് ബി ആർ അംബേദ്‌കർ ഭരണഘടന തയ്യാറാക്കിയപ്പോൾ പറഞ്ഞത്'- പുനിയ പറഞ്ഞു.