ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പ് എട്ട് മാസം കൂടി കഴിഞ്ഞാണ് നടന്നിരുന്നതെങ്കിൽ ബിജെപി 120 സീറ്റിൽ കൂടുതൽ നേടുമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13ൽ 10 സീറ്റുകളും ഇന്ത്യ സഖ്യം നേടിയ പശ്ചാത്തലത്തിലാണ് സന്ദീപ് ദീക്ഷിതിന്‍റെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ഗ്രാഫ് ഇടിയുകയാണെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.
'ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ 5 സംസ്ഥാനങ്ങളിലായി ഞങ്ങൾ 10 സീറ്റുകൾ നേടി. ബിജെപിയുടെ ഗ്രാഫ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. 6-8 മാസങ്ങൾക്ക് ശേഷമാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നത് എങ്കിൽ 120 സീറ്റില്‍ കൂടുതല്‍ ബിജെപി വിജയിക്കില്ലായിരുന്നു'- സന്ദീപ് ദീക്ഷിത് പറഞ്ഞു.