ഹാമിർപൂർ (ഉത്തർപ്രദേശ്) : അധികാരത്തിലെത്തിയാൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്‌പി) രാമക്ഷേത്രത്തിന് മുകളിൽ ബുൾഡോസർ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുൾഡോസറുകൾ യഥാർഥത്തിൽ ഉപയോഗിക്കേണ്ടത് എവിടെയാണെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്ന് പാഠം ഉൾക്കൊള്ളാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോദി വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹാട്രിക് നേടി തൻ്റെ സർക്കാർ തിരിച്ചുവരുമെന്ന് അവകാശപ്പെട്ട മോദി വെറും 50 സീറ്റുകൾ നേടുക എന്ന ദൗത്യമാണ് കോൺഗ്രസിനുള്ളതെന്നും പറഞ്ഞു. ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തു. യോഗങ്ങളിലെല്ലാം ഇന്ത്യ മുന്നണിക്കെതിരെ മോദി ആഞ്ഞടിച്ചു. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും എതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉയർത്തി.
രാജ്യത്ത് അസ്ഥിരത സൃഷ്‌ടിക്കാൻ ഇന്ത്യ ബ്ലോക്ക് മത്സരത്തിലാണെന്ന് ബരാബങ്കിയിൽ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് ഒരു മുതിർന്ന എസ്‌പി നേതാവ് രാമനവമി ദിനത്തിൽ പറഞ്ഞത്. രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണെന്നും മോദി ആരോപിച്ചു.
എസ്‌പിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ അവർ രാം ലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കും. എസ്‌പിയും കോൺഗ്രസും ക്ഷേത്രം ബുൾഡോസർ ചെയ്യുമെന്ന് പറഞ്ഞ മോദി ബുൾഡോസറുകൾ എവിടെ ഉപയോഗിക്കണമെന്ന് ആദിത്യനാഥിൽ നിന്ന് ട്യൂഷൻ എടുക്കാനും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ സഖ്യകക്ഷികൾക്ക് വോട്ട് ബാങ്കിനേക്കാൾ വലുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.