കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയില്‍ ചതുപ്പുനിലത്തിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വെള്ളിയാഴ്‌ച പരാതി നല്‍കിയതാണെന്നും എന്നാല്‍ പൊലീസ് ഉടൻ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തുള്ള മഹിസ്‌മാരി പൊലീസ് ഔട്ട്‌പോസ്റ്റ് കത്തിക്കുകയും പൊലീസുകാരെ കല്ലെറിയുകയും ചെയ്‌തു. ഔട്ട്‌പോസ്റ്റിന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങളും നാട്ടുകാര്‍ നശിപ്പിച്ചു. സ്ഥലത്തെത്തിയ എസ്‌ഡിപിഒയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും തടഞ്ഞ് നിർത്താൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വൻ പൊലീസ് സേനയെയാണ് പ്രദേശത്തേക്ക് വിന്യസിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിത ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് പ്രതികരിച്ച അതേ രീതിയിലാണ് ഇവിടെയും അവര്‍ സ്വീകരിച്ചതെന്ന് ഒരു ഗ്രാമവാസി പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഈ കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ ഞങ്ങൾ പ്രക്ഷോഭം തുടരുമെന്നും നാട്ടുകാര്‍ പറയുന്നു. പരാതിയിൽ നടപടി വൈകിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.