കൊൽക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പശ്ചിമ ബംഗാളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 1.91 ലക്ഷത്തിലധികം പരാതികൾ. സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി 337 പരാതികളും ബാക്കിയുള്ളവ കമ്മീഷന് നേരിട്ടുമാണ് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കൂച്ച് ബെഹാറിൽ നിന്ന് മാത്രം 10,731 പരാതികളും അലിപുർദുവാർ, ജൽപായ്‌ഗുരി മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം 3,608 ഉം 5,521 ഉം ആണ്, ഇന്ന് (21-03-2024) വൈകുന്നേരം വരെ ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നാല് ദിവസത്തിനുള്ളിൽ അലിപുർദുവാർ, ജൽപായ്‌ഗുരി, കൂച്ച് ബെഹാർ ലോക്‌സഭ മണ്ഡലങ്ങളിൽ നിന്ന് മാത്രം 11,000 പരാതികള്‍ ലഭിച്ചിരുന്നു. ഇതിൽ ജൽപായ്‌ഗുരി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് 1,923 പരാതികളും കൂച്ച് ബെഹാർ ജില്ലയിൽ നിന്ന് 5,626, അലിപുർദുവാർ ലോക്‌സഭ മണ്ഡലത്തിൽ 3,458 പരാതികളുമാണ് ലഭിച്ചിരുന്നത്.
പശ്ചിമ ബംഗാളില്‍ ഏപ്രിൽ 19 ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനായി ഇതിനോടകം തന്നെ നിരീക്ഷകർ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ബുധനാഴ്‌ച ആരംഭിച്ചു. നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിവസം ജൽപായ്‌ഗുരി കേന്ദ്രത്തിൽ നിന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മാർച്ച് 27 വരെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുക. സൂക്ഷ്‌മ പരിശോധന മാർച്ച് 28 ന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 30 ആണ്.