ബെംഗളൂരു:ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എംപിയുടെ അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. വിദേശത്തുണ്ടെന്ന് കരുതുന്ന എംപിയെ തിരികെ എത്തിക്കാന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിക്കുന്നത്. ജര്‍മനിയിലുള്ള എംപിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. എംപിക്കെതിരെയുള്ള വിവാദങ്ങള്‍ കര്‍ണാടകയെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ആശങ്കയിലാക്കുന്നതാണ്. തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ കഴിഞ്ഞ് 27ന് രാജ്യം വിട്ടതാണ്. ഇത് ഏറെ ലജ്ജാകരമാണെന്നും സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു.