ഹൈദരാബാദ്: തെലങ്കാന നിയമസഭയിൽ ചർച്ചയായി അല്ലു അർജുന്‍റെ അറസ്‌റ്റ്. താൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്തോളം ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സിനിമ എടുക്കൂ, ബിസിനസിന് ചെയ്യൂ, പണം സമ്പാദിക്കൂ... എന്നാല്‍ ജനങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ടാൽ വെറുതെ നോക്കി നിൽക്കാന്‍ സർക്കാരിന് ആവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുഷ്‌പ -2 സിനിമ റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തിലായിരുന്നു അല്ലു അർജുന്‍ അറസ്‌റ്റിലായത്. സന്ധ്യ തിയേറ്ററിലുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. പുഷ്‌പ -2 റിലീസിന്‍റെ ഭാഗമായി ചിത്രത്തിലെ നായകനും നായികയും പ്രൊഡക്ഷന്‍ ടീമും തിയേറ്ററില്‍ എത്തുന്നതിന് അനുമതി തേടി സന്ധ്യ തിയേറ്റര്‍ മാനേജ്മെന്‍റ് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു.
ഡിസംബര്‍ മൂന്നിന് തന്നെ പൊലീസ് അപേക്ഷ നിരസിക്കുകയും നായകനോടും നായികയോടും പ്രൊഡക്ഷന്‍ ടീമിനോടും തിയേറ്ററില്‍ എത്തരുതെന്ന് അറിയിക്കുകയും ചെയ്‌തു. പൊലീസിന്‍റെ മുന്നറിയിപ്പ് നിരസിച്ച് രാത്രി 9:30 ഓടെ അല്ലു അര്‍ജുന്‍ സ്ഥലത്ത് എത്തുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡ് ഷോ നടത്തിയാണ് താരം തിയേറ്ററിലേക്ക് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോഡ് ഷോ നടത്താതെ അല്ലു അര്‍ജുന്‍ തിയേറ്ററില്‍ നേരിട്ട് വന്ന് സിനിമ കണ്ട് പോയിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താരത്തിന്‍റെ കാര്‍ അകത്തേക്ക് കയറ്റാനായി ഗേറ്റ് തുറന്നപ്പോള്‍ ആളുകളും അകത്തേക്ക് കയറുകയായിരുന്നു. ആരാധകരെ താരത്തിന്‍റെ സെക്യൂരിറ്റി തളളിയതോടെയാണ് തിരക്ക് നിയന്ത്രണാധീതമായത്.
ഈ തിരക്കില്‍പ്പെട്ടാണ് രേവതിയുടെയും മകന്‍റെയും ജീവന്‍ നഷ്‌ടമായത്. തിയേറ്ററിന് പുറത്തുള്ള സാഹചര്യം കണക്കിലെടുത്ത് യുവതി മരിച്ച വിവരം ഡിസിപി നേരിട്ട് എത്തി താരത്തിനെ അറിയിക്കുകയും പെട്ടെന്ന് തിരിച്ച് പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നിട്ടും സിനിമ കഴിയുന്നത് വരെ താരം തിയേറ്ററില്‍ തുടരുകയും തിരിച്ച് പോകുന്ന വഴി ആരാധകരെ കൈ വീശി കാണിക്കുകയും ചെയ്‌തു. രാത്രി 12 ഓടെയാണ് താരം തിരിച്ച് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവം നടന്ന് 11 ദിവസമായിട്ടും നായകനും നിർമാതാവും ഇരയുടെ കുടുംബത്തെ കാണാൻ പോകാത്തതിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഷം പ്രകടിപ്പിച്ചു. ഇത് എന്ത് തരം മനുഷ്യത്വമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മനുഷ്യത്വമില്ലാത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
അതേസമയം താരം ദൈവമാണെന്ന് ഒരു പ്രതിപക്ഷ നേതാവ് ട്വീറ്റ് ചെയ്‌തിരുന്നു. മരിച്ചവരുടെ ജീവന് വില നൽകാതെ, മരണത്തിന് കാരണക്കാരായവരെ അറസ്‌റ്റ് ചെയ്യുന്നത് തെറ്റാണെന്നും നേതാവ് പറഞ്ഞതായി രേവന്ത് റെഡ്ഡി പറഞ്ഞു. സംഭവത്തിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:"അല്ലു അര്‍ജുന്‍ ഉത്തരവാദിയെങ്കില്‍ അറസ്‌റ്റ് ന്യായം", ഹൃദയഭേദകമെന്ന് രശ്‌മിക.. എല്ലാവരും തെറ്റുകാരെന്ന് നാനി.. അന്യായമെന്ന് ബാലയ്യ