ചെന്നൈ:മറീന ബീച്ചിലെ വ്യോമസേനയുടെ എയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. എയർഷോയ്‌ക്കുളള എല്ലാ സജീകരണങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നും നൽകിയെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. ഡിഎംകെ സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണിത്.
എയർ ഷോയ്ക്കിടെ അഞ്ച് പേർ മരിച്ചതിന് കാരണം സൂര്യതാപം മൂലമാണെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
'വ്യോമസേനയുടെ എയർഷോയ്‌ക്കുളള എല്ലാ സജീകരണങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ചെയ്‌തിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ പരിപാടി നന്നായി നടത്തുന്നതിന് വ്യോമസേന ഉദ്യോഗസ്ഥരുമായി ഏകോപന യോഗം ചേർന്നു. പിന്നീട് പല തവണ സർക്കാരും ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും അവർ പറഞ്ഞതനുസരിച്ചുളള എല്ലാ ക്രമീകരണങ്ങളും ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്നും ചെയ്‌തു നൽകി'
ഡോക്‌ടർമാരും നഴ്‌സുമാരും അടങ്ങുന്ന രണ്ട് സംഘം മെഡിക്കൽ ടീമിനെ ഗവൺമെൻ്റ് നിയോഗിച്ചിരുന്നുവെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. വൈദ്യസഹായം നൽകുന്നതിനായി കരസേനയും മെഡിക്കൽ ടീമുകളെ അയച്ചിരുന്നു. 40 ആംബുലൻസുകൾ സജീകരിച്ചിരുന്നു. ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫുകൾ ഉണ്ടായിരുന്നു. രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ 100 കിടക്കകളും 65 ഡോക്‌ടർമാരും ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സജ്ജരായിരുന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Also Read:ദുർഗാപൂജ ആഘോഷിക്കാനെത്തി; പുഴയില്‍ കുളിക്കവെ ഒരാള്‍ മുങ്ങി, രക്ഷിക്കാനായി മറ്റുള്ളവരുടെ വിഫല ശ്രമം, ഏഴ് കുട്ടികൾ മുങ്ങിമരിച്ചു