ശ്രീനഗര്‍:ജമ്മു, ഉധംപൂർ ജില്ലകളിൽ നിന്നുള്ള കശ്മീരി കുടിയേറ്റക്കാർക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇനി 'ഫോം എം' പൂരിപ്പിക്കേണ്ടതില്ല. കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് നിലവിലുള്ള വോട്ടിങ് രീതിയില്‍ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതോടെയാണ് ഫോം എം ഒഴിവായത്. മുമ്പ്, ജമ്മു കാശ്മീരിലെ എല്ലാ പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾക്കും, കുടിയിറക്കപ്പെട്ട വോട്ടർമാർ ഫോം എം ഫയൽ ചെയ്യല്‍ നിർബന്ധമായിരുന്നു.
ഫോം എമ്മിന് പകരം വോട്ടര്‍മാര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതോ താമസിക്കുന്നതോ ആയ സോണുകളിൽ വരുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകൾ മാപ്പ് ചെയ്യണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ഡൽഹിയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും താമസിക്കുന്ന കുടിയേറ്റക്കാരുടെ ഫോം എം ഫയൽ ചെയ്യുന്ന പ്രക്രിയയും കമ്മീഷൻ ലഘൂകരിച്ചിട്ടുണ്ട്. ഗസറ്റഡ് ഓഫീസർമാരുടെ സർട്ടിഫിക്കേഷന് പകരം ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും.
പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ ആൾമാറാട്ടം ഒഴിവാക്കുന്നതിന്, വോട്ടർ ഐഡിയോ വോട്ടർമാരെ തിരിച്ചറിയുന്നതിനായി കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും രേഖകളോ കൈവശം വെക്കണം. എന്നാല്‍ തപാൽ ബാലറ്റ് സൗകര്യത്തിൽ മാറ്റങ്ങളൊന്നുമില്ലെന്നും കമ്മീഷന് അറിയിച്ചു. തപാൽ ബാലറ്റ് തേടുന്നതിന് ഫോം 12 സി പൂരിപ്പിക്കേണ്ടതുണ്ട്. ജമ്മു, ഉധംപൂർ, ഡൽഹി, മുംബൈ, നോയിഡ തുടങ്ങിയ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരും തപാല്‍ വോട്ടിനായി ഫോം 12 സി പൂരിപ്പിക്കണം.