അമരാവതി: ടിഡിപി പ്രവര്‍ത്തകരായ മുല്ലയ്യയുടെയും ഇമാം ഹുസൈന്‍റെയും കൊലപാതകത്തെ അപലപിച്ച് പാർട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. മുല്ലയ്യ ഗിഡലൂരിലും ഇമാം ഹുസൈന്‍ നാന്ദ്യാലിലുമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ രാഷ്‌ട്രീയ ആക്രമണങ്ങളിലും സമാധാനത്തിലും സുരക്ഷയിലും ശ്രദ്ധിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഗദിക്കോട്ടയില്‍ നിന്നുള്ള മുല്ലയ്യയെ ഗിഡല്ലൂര്‍ മണ്ഡലത്തില്‍ വച്ച് മഴു ഉപയോഗിച്ച് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇമാം ഹുസൈനെ ചിലകാലുരിപേട്ടയിലെ പ്രജാഗളം യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ടിഡിപി പ്രവര്‍ത്തകന്‍ സുരേഷിന്‍റെ കാര്‍ മച്ചേര്‍ലയില്‍ വച്ച് തീയിട്ടു നശിപ്പിക്കുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ് വേളിയല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ രാഷ്‌ട്രീയ അതിക്രമങ്ങള്‍ കാട്ടിക്കൂട്ടുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അധികാരം വിട്ടൊഴിയും മുന്‍പ് ജഗന്‍ മോഹന്‍ റെഡ്ഡി ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. പരാജയഭീതിയില്‍ വലിയ വിഷാദത്തിലാണ് വൈഎസ്ആര്‍സിപിയെന്നും മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് കൊണ്ട് അവര്‍ ടിഡിപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഈ അക്രമ സംഭവങ്ങളില്‍ പൊലീസ് നിഷ്‌പക്ഷ അന്വേഷണം നടത്തണം. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:ടിഡിപി-വൈഎസ്ആർസിപി പ്രവർത്തകർ ഏറ്റുമുട്ടി ; നിരവധി പേർക്ക് പരിക്ക്
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. പ്രകാശം ജില്ല പൊലീസ് മേധാവി പരമേശ്വര റെഡ്ഡി, നന്ദ്യാല എസ്‌പി രഘുവീര്‍ റെഡ്ഡി, പാല്‍നാട് എസ് പി രവിശങ്കര്‍ റെഡ്ഡി എന്നിവര്‍ വൈഎസ്ആര്‍സിപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരാണെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.