കേരളം

kerala

ETV Bharat / bharat

വ്യത്യസ്‌തനായൊരു പൊലീസുകാരൻ; മുഴുവൻ ശമ്പളവും പാരിസ്ഥിതിക ആവശ്യങ്ങൾക്കായി ചെലവഴിച്ച്‌ ചണ്ഡീഗഢിലെ 'ട്രീ മാൻ' - Tree Man Of Chandigarh - TREE MAN OF CHANDIGARH

രണ്ട് ലക്ഷത്തിലധികം തൈകൾ നട്ടു, ജന്ത നഴ്‌സറിക്കും പ്ലാൻ്റേഷനുമായി 35 ലക്ഷം രൂപ വായ്‌പയെടുത്തു, അഭിനന്ദനമേറ്റുവാങ്ങി ചണ്ഡീഗഡ് പൊലീസ് കോൺസ്റ്റബിൾ ദേവേന്ദ്ര സുര.

CHANDIGARH POLICE CONSTABLE  PLANTS LAKHS OF TREES  ENVIRONMENTAL ACTIVIST CHANDIGARH  ചണ്ഡീഗഢിലെ ട്രീ മാൻ
'Tree Man' of Chandigarh Constable Devendra Sura (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 9:37 PM IST

ചണ്ഡീഗഢ്: ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗത്തിനിടയിലും പ്രക്യതിയെ പച്ച പുതപ്പിച്ച്‌ 'ട്രീ മാൻ'. കഴിഞ്ഞ ദശാബ്‌ദക്കാലമായി പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ഹരിത അംബാസഡറായി മാറിയിരിക്കുകയാണ്‌ ചണ്ഡീഗഢ് പൊലീസ് കോൺസ്റ്റബിൾ ദേവേന്ദ്ര സുര. ദേവേന്ദ്ര സുര 2014 മുതൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു.

ഈ ലക്ഷ്യത്തിനായുള്ള പ്രവർത്തനത്തിൽ, സുര തന്‍റെ മുഴുവൻ ശമ്പളവും തോട്ടത്തിലേക്കായി ചെലവഴിക്കുന്നു. പ്രകൃതിയെ തളിരണിയിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ വായ്‌പയും അദ്ദേഹം എടുത്തിട്ടുണ്ട്. ഹരിയാനയിലെ സോനിപത് ജില്ലയിൽ താമസിക്കുന്ന ദേവേന്ദ്ര സുര സോനിപത്തിൽ ഒരു നഴ്‌സറി സ്ഥാപിച്ചു. അതിന് 'ജന്താ നഴ്‌സറി' എന്ന് പേര്‌ നല്‍കി.

നഴ്‌സറി സ്ഥാപിക്കാൻ ബാങ്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്‌പയും എടുത്തിട്ടുണ്ടെന്ന് സുര പറഞ്ഞു. സാധാരണ ലളിതമായ ജീവിതമാണ് താൻ നയിക്കുന്നതെന്നും എന്നാൽ പ്രകൃതിയെ വളരെയധികം സ്നേഹിക്കുന്ന താൻ എല്ലാ വർഷവും ആയിരക്കണക്കിന് മരങ്ങൾ നടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്‌ദത്തിലേറെയായി വിവിധ സ്ഥലങ്ങളിലായി രണ്ടേകാല്‍ ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. തോട്ടത്തിനായി ഇതുവരെ ആറ് തവണ വിവിധ ബാങ്കുകളിൽ നിന്ന് 35 ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ട്‌. പട്ടാളത്തിൽ നിന്ന് വിരമിച്ച പിതാവ് വീട്ടുചെലവുകൾ നടത്തുമ്പോൾ തോട്ടം വിപുലീകരിക്കാനാണ്‌ താൻ ശമ്പളം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം പ്രചാരണത്തിനിടെ തനിക്ക് വിവിധ വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും ചണ്ഡീഗഡ് പൊലീസിലെ ഡിജിപിയും എസ്എസ്‌പിയും ഉൾപ്പെടെ നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അവരുടെയെല്ലാം പിന്തുണയോടെയാണ്‌ ഇത്‌ വിജയിച്ചതെന്നും കോൺസ്റ്റബിൾ ദേവേന്ദ്ര സുര പറഞ്ഞു.

സമയം കിട്ടുമ്പോഴെല്ലാം, സോനിപത്, റോഹ്തക്, മഹേന്ദ്രഗഡ്, കർണാൽ തുടങ്ങി ഹരിയാനയിലെ വിവിധ ജില്ലകളിൽ യാത്ര ചെയ്യാറുണ്ട്. എല്ലായിടത്തും പ്രകൃതിയെ സ്നേഹിക്കുന്ന നിരവധി യുവാക്കളുടെ സഹായത്തോടെ പ്ലാന്‍റേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു.

നേരത്തെ, പഞ്ചായത്തിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും അംഗീകാരം വാങ്ങിയ ശേഷം പഞ്ചായത്ത് ഭൂമിയിലോ മറ്റ് ഒഴിഞ്ഞ സർക്കാർ ഭൂമിയിലോ കൂട്ടമായി മരങ്ങൾ നട്ടുപിടിപ്പിക്കും. ഇപ്പോൾ വിവിധ ജില്ലകളിലെ യുവാക്കൾ തന്നെ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി 2023-ൽ കോൺസ്‌റ്റബിൾ ദേവേന്ദ്ര സുരയെ പ്രകൃതി സംരക്ഷണ മേഖലയിലെ പ്രവർത്തനത്തിന് ആദരിച്ചു. നിലവിൽ ചണ്ഡീഗഡ് പൊലീസിന്‍റെ വിഐപി സുരക്ഷയിലാണ് കോൺസ്‌റ്റബിൾ ദേവേന്ദ്രയെ നിയോഗിച്ചിരിക്കുന്നത്. സെക്‌ടർ-3 പൊലീസ് സ്‌റ്റേഷനിൽ താമസിക്കുന്ന സുര പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി സൈക്കിളിൽ മാത്രമാണ് അവിടെ നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും പോകുന്നത്.

തനിക്ക് രണ്ട് സൈക്കിളുകളുണ്ടെന്നും അതിലൊന്ന് ചണ്ഡീഗഡിലും മറ്റൊന്ന് സോനിപത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. ദൂരെ സ്ഥലത്തേക്ക് പോകേണ്ടി വന്നാൽ ട്രെയിൻ, ബസ് തുടങ്ങിയ പൊതുമാർഗങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ALSO READ:സോഫ്‌റ്റ്‌വെയർ ജോലിയ്‌ക്കൊപ്പം മാമ്പഴ കൃഷിയും; 15 ഏക്കറില്‍ 'കേസരി' വിളയിച്ച് ഒരു ചോപ്പദണ്ടിക്കാരന്‍

ABOUT THE AUTHOR

...view details