ന്യൂഡല്‍ഹി: ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണറുടെ (എൽജി) അധികാരങ്ങൾ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്‌മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്‌തു കൊണ്ടാണ് അധികാരം വര്‍ധിപ്പിച്ചത്. നിയമത്തിലെ സെക്ഷൻ 55 പ്രകാരമുള്ള ഭേദഗതിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി.
ഇതോടെ പൊലീസ്, അഖിലേന്ത്യ സർവീസ് ഓഫിസർമാർ, അഭിഭാഷകര്‍ മറ്റ് നിയമ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും. ചില കേസുകളിൽ പ്രോസിക്യൂഷൻ അനുവദിക്കുന്നതിനും അഴിമതി വിരുദ്ധ ബ്യൂറോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ഭേദഗതി ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, പൊലീസ് പബ്ലിക് ഓർഡർ, ഓൾ ഇന്ത്യ സർവീസ്, ആന്‍റി കറപ്ഷൻ ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരം വിനിയോഗിക്കുന്നതിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ധനകാര്യ വകുപ്പിന്‍റെ മുൻകാല സമ്മതം ആവശ്യമില്ല.
ഭേദഗതി പ്രകാരം, അഡ്വക്കേറ്റ് ജനറലിനെയും മറ്റ് ലോ ഓഫിസർമാരെയും നിയമിക്കുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പ്, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മുഖേന ലെഫ്റ്റനന്‍റ് ഗവർണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. പ്രോസിക്യൂഷനുള്ള അനുമതി, അപ്പീൽ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ എന്നിവയ്ക്കും എല്‍ജിയുടെ അനുമതി തേടണം. ജയിലുകൾ, പ്രോസിക്യൂഷൻ ഡയറക്‌ടറേറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇനി ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് പ്രത്യേക അധികാരമുണ്ടാകും.