കേരളം

kerala

ETV Bharat / bharat

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, സുഹൃത്തുക്കളായ ആറ് പേര്‍ക്ക് ദാരുണാന്ത്യം - Puliyangudi Car Accident

തെങ്കാശിയില്‍ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് ആറ് പേര്‍. അപകടം ഇന്ന് പുലര്‍ച്ചെ.

Tenkasi Accident  Car Collide With Lorry In Tenkasi  Puliyangudi Car Accident  തെങ്കാശി വാഹനാപകടം
TenkasiAccident

By ETV Bharat Kerala Team

Published : Jan 28, 2024, 10:14 AM IST

Updated : Jan 28, 2024, 11:33 AM IST

തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

ചെന്നൈ :തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കേരളത്തിലേക്ക് സിമന്‍റ് ലോഡുമായി പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഞായറാഴ്‌ച (ജനുവരി 28) പുലര്‍ച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയുമാണ് മരിച്ചത്.

തെങ്കാശി പുളിയാങ്കുടി സ്വദേശികളും സുഹൃത്തുക്കളുമായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്മണി, മനോഹരന്‍, ബോതിരാജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പുളിയങ്കുടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമായിരുന്നു ആറംഗ സംഘം കുറ്റാലത്തേക്ക് പോയത്. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷമുള്ള മടക്കയാത്രയ്ക്കി‌ടെയാണ് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയത് മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ, ഗുരുതരമായി പരിക്കേറ്റ ഒരാളെ കാറില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, പുളിയാങ്കുടി ജനറല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ ഇയാളും മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ ജില്ല പൊലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിലവില്‍, ആറ് പേരുടെയും മൃതദേഹം തിരുനല്‍വേലി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Last Updated : Jan 28, 2024, 11:33 AM IST

ABOUT THE AUTHOR

...view details