കൂച്ച് ബെഹാർ (പശ്ചിമ ബംഗാൾ):ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വീണ്ടും വാർത്തകളിൽ നിറയുകയാണ് കേന്ദ്രത്തിന്‍റെ പൗരത്വ ഭേദഗതി നിയമവും (സിഎഎ). ഒരാഴ്‌ചയ്‌ക്കുള്ളിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ പ്രഖ്യാപിച്ചതോടെയാണ് സിഎഎ (Citizenship Amendment Act) വീണ്ടും ചർച്ചയായത്. എന്നാൽ കേന്ദ്രമന്ത്രിയുടെ മറഞ്ഞിരിക്കുന്ന ഭീഷണിയെല്ലാം രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തിങ്കളാഴ്‌ച കൂച്ച് ബെഹാറിലെ തൻ്റെ പ്രസംഗത്തിനിടെയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവി കൂടിയായ മമത ബാനർജിയുടെ പ്രതികരണം (West Bengal CM Mamata Banerjee Warns Centre About CAA Implementation).
സിഎഎയെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം യഥാർഥത്തിൽ വോട്ടിന് വേണ്ടിയുള്ള രാഷ്‌ട്രീയമാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. "പശ്ചിമ ബംഗാളിൽ എൻആർസി (National Register of Citizens) നടപ്പിലാക്കില്ലെന്ന മൂവ്‌മെന്‍റ് ആരംഭിച്ചത് ആരാണ്? നിങ്ങളെല്ലാവരും പൗരന്മാരാണെന്ന് എല്ലാ 'രാജ്ബൻഷികളോടും' ഞാൻ പറയുന്നു. ഇതൊക്കെ പറയുന്നവർ വോട്ട് രാഷ്‌ട്രീയമാണ് നടത്തുന്നത്'- മമത പറഞ്ഞു.
ലോവർ ആസാം, വടക്കൻ ബംഗാൾ, കിഴക്കൻ ബീഹാർ, കിഴക്കൻ നേപ്പാളിലെ തെരായ് മേഖല, വടക്കൻ ബംഗ്ലാദേശിലെ രംഗ്‌പൂർ ഡിവിഷൻ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളെയാണ് 'രാജ്ബൻഷി' (Rajbanshis) എന്ന് വിശേഷിപ്പിക്കുന്നത്. രാജ്ബോങ്ഷി, കോച്ച്-രാജ്ബോംഗ്ഷി എന്നും ഇവർ അറിയപ്പെടുന്നു. മുൻകാലങ്ങളിൽ കൊച്ച് രാജവംശവുമായി (Koch dynasty) ഇവർക്ക് ബന്ധമുണ്ടായിരുന്നു.
അതേസമയം 'രാജ്ബൻഷികൾ'ക്കായി തയ്യാറാക്കിയ പദ്ധതികളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. "റേഷൻ, സ്കോളർഷിപ്പുകൾ, കിഷൻ ബന്ധു ശിക്ഷശ്രീ...എന്നിങ്ങനെ പല പദ്ധതികളാണ് ഇവർക്കായി നടപ്പിലാക്കുന്നത്. പൗരത്വമില്ലാതെ ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമോ എന്നും പരിഹാസ സ്വരത്തിൽ ബംഗാൾ മുഖ്യമന്ത്രി ചോദിച്ചു.