കേരളം

kerala

ETV Bharat / bharat

ബജറ്റ് അവതരണം തുടങ്ങി; വെല്ലുവിളികൾ അതിജീവിച്ചെന്നും വികസനം എല്ലാവരിലും എത്തിക്കാനായെന്നും ധനമന്ത്രി - nirmala sitharaman budget

ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയിൽ ബജറ്റ് അവതരണം തുടങ്ങി. നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം.

Budget 2024 Live  Union Budget 2024  parliament budget session 2024  nirmala sitharaman budget  കേന്ദ്ര ബജറ്റ്
budget presentation started in loksabha

By ETV Bharat Kerala Team

Published : Feb 1, 2024, 11:08 AM IST

ന്യൂഡൽഹി: രണ്ടാം മോ​ദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണം ലോക്‌സഭയില്‍ തുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ 92-ാം ബജറ്റാണിത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പത്ത് വർഷമായി ഇന്ത്യൻ സാമ്പത്തിക രംഗം വളർച്ചയിലെന്ന് ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞ നിർമല സീതാരാമൻ മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുന്നുവെന്ന് അവകാശപ്പെട്ടു. രാജ്യം വെല്ലുവിളികൾ അതിജീവിച്ചു. ജനങ്ങൾ ഭരണത്തുടർച്ച നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.

ബജറ്റ് പ്രസംഗത്തിനായി പാര്‍ലമെന്‍റിലെത്തുന്നതിന് മുന്‍പ് നിർമല സീതാരാമന്‍റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും നിര്‍മലയോടൊപ്പം രാഷ്ട്രപതിയെ കണ്ടു. ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെൻ്റിൽ കേന്ദ്രമന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇന്നത്തേത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മെയ് മാസം രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിനാലാണ് ഇടക്കാല ബജറ്റ് അവതരണം. പുതിയ സർക്കാർ അധികാരമേറ്റശേഷം അവരാകും അടുത്ത സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമുള്ള 10-ാം ബജറ്റാണിത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റും. മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ഇടക്കാല ബജറ്റുകൂടിയാണിത്. ഇത്തവണത്തെ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടിക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് സാമ്പത്തിക വിദഗ്‌ധരുടെ അനുമാനം.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നാരീശക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞിരുന്നു. അതിനാൽ സര്‍ക്കാര്‍ വനിതകളെ ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതി കരുതിവച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് സഹായം വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളടക്കമുണ്ട്. ആദായ നികുതിയിലടക്കം ഇളവുകളും കര്‍ഷകര്‍ക്കുമുളള സഹായവും ബജറ്റിലുണ്ടാകാൻ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details