കൊൽക്കത്ത:ബംഗ്ലാദേശിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിൻ്റെ അഡീഷണൽ ഡയറക്‌ടർ ജനറലിൻ്റെ (എഡിജി) നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ നിരീക്ഷണ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടും സേനയുടെ എണ്ണം വർധിപ്പിച്ചുകൊണ്ടും അതിർത്തിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് സൈന്യം.
ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടെയും ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സമിതി ബംഗ്ലാദേശിലെ അധികാരികളുമായി ആശയവിനിമയം നടത്തും. ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്കിടയിൽ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ഓഗസ്‌റ്റ് 05) രാജിവച്ച ശേഷം ഇന്ത്യയിലേക്ക് പാലായനം ചെയ്‌തത്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയ്‌ക്ക് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.