പട്‌ന:ബിഹാറില്‍ നിർമാണം പൂർത്തിയായ പാലം ഉദ്‌ഘാടനത്തിന് മുമ്പ് തകർന്നു. ബിഹാറിലെ സിക്തി മണ്ഡലത്തിലെ ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്. നേപ്പാളിലെ കനത്ത മഴയെ തുടർന്ന് പാലം ഒലിച്ചുപോകുകയായിരുന്നു.
ശക്തമായ ഒഴുക്കിൽ പർദിയ ഘട്ടിൽ നിർമിച്ച പാലത്തിൻ്റെ മൂന്ന് തൂണുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. 12 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. കോടികൾ ചെലവഴിച്ച് നിർമിച്ച പാലം ഉദ്‌ഘാടനത്തിനു മുമ്പ് തകർന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
പാലം തകർച്ചയുടെ കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ല എന്നത് ശ്രദ്ദേയമാണ്. റൂറൽ വർക്ക്‌സ് വകുപ്പാണ് പാലം നിർമ്മിക്കുന്നതെന്ന് സിക്തി നിയമസഭ എംഎൽഎ വിജയ് കുമാർ മണ്ഡല് പറഞ്ഞു. "പാലം നല്ലതും ശക്തവുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ മഴയുടെ തുടക്കത്തിൽ പാലം ഒലിച്ചുപോയത് അനാസ്ഥയും അഴിമതിയും തുറന്നുകാട്ടുന്നു. ഈ പാലം നിർമിച്ച കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുകയും റൂറൽ വർക്ക്‌സ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുകയും വേണമെന്നും' വിജയ് കുമാർ മണ്ഡല് കൂട്ടിച്ചേർത്തു.
Also Read: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്