ആന്ധ്രാപ്രദേശ്:കോഴിപ്പോരിൽ തോറ്റ കോഴിയെ വറുത്തത് ലേലത്തിൽ പോയത് ഒരു ലക്ഷം രൂപക്ക്. ആന്ധ്രാപ്രദേശിൽ ഏലൂരു ഗ്രാമത്തിലാണ് സംഭവം. 1,11,111 രൂപയ്ക്കാണ് കോഴിപ്പോരിൽ പൊരുതി തോറ്റ കോഴിയെ ലേലം ചെയ്തത്.
ഏലൂരു നിവാസികളായ രാജേന്ദ്ര, അഹ്ലാദ്, രാജവംശി എന്നിവരുടേതായിരുന്നു കോഴി. ഒരു വാതുവെപ്പ് മത്സരത്തിൽ വിജയിച്ച കോഴിയെ ഇവർ വാങ്ങി വളർത്തുകയായിരുന്നു. ആവേശകരമായ പ്രകടനം കാഴ്ച വച്ചെങ്കിലും, വ്യാഴാഴ്ചത്തെ പോരാട്ടത്തിൽ കോഴി പരാജയപ്പെട്ടു. അധികം താമസിയാതെ ജീവനും നഷ്ടപ്പെട്ടു.
ഇതോടെ കോഴിയുടെ പോരാട്ടത്തിന്റെ ഓർമക്കായി ഉടമസ്ഥർ വെള്ളിയാഴ്ച ലേലം സംഘടിപ്പിച്ചു. നിരവധി പേരാണ് ലേലത്തിൽ പങ്കെടുക്കാന്‍ എത്തിയത്. നന്നായി വറുത്തെടുത്ത് കഴിക്കാൻ പാകമായ കോഴിയെ ഒടുവിൽ ഏലൂരു റൂറൽ മണ്ഡലത്തിലെ ജലിപുടി നിവാസിയായ മാഗന്തി നവീൻ ചന്ദ്രബോസ് 1,11,111 രൂപയ്ക്ക് വാങ്ങി.