ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ 150 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഡൽഹി പൊലീസ്. ഇമെയിലുകളുടെ ഐപി അഡ്രസ് ബുഡാപെസ്‌റ്റിൽ നിന്ന് കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണത്തിനായി ഡൽഹി പൊലീസ് ഉടൻ തന്നെ ഹംഗറിയിലെ ബന്ധപ്പെടുമെന്നും അറിയിച്ചു.
ഐപി അഡ്രസ് എന്നത് ഇന്‍റർനെറ്റിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഉപകരണത്തിനും നൽകിയിട്ടുള്ള തനതായ തിരിച്ചറിയൽ നമ്പറാണ്. 'മെയിൽ.റു' സെർവറിൽ നിന്ന് അയച്ചതായി കരുതപ്പെടുന്ന മെയിലിൽ, സ്‌കൂളുകളില്‍ സ്‌ഫോടകവസ്‌തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. വന്‍തോതിലുള്ള സുരക്ഷ നടപടികളും തിരച്ചിലുമാണ് ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയിരുന്നത്.
സ്‌കൂളുകളില്‍ നിന്ന് ഇത്തരത്തില്‍ ഒന്നും കണ്ടെത്താനാകാത്തതിനാൽ മുന്നറിയിപ്പ് ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കേസിൽ എഫ്ഐആർ ഫയൽ ചെയ്‌ത ശേഷം, റഷ്യ ആസ്ഥാനമായുള്ള മെയിലിംഗ് സർവീസ് കമ്പനിയായ 'മെയിൽ.റു'വിന് ഇന്‍റർപോൾ വഴി പൊലീസ് കത്ത് നൽകിയിരുന്നു.