ന്യൂഡല്‍ഹി : എന്‍ഡിഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ നടത്തി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. സഖ്യ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തേണ്ട കക്ഷികള്‍, ഓരോരുത്തര്‍ക്കും നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. എന്‍ഡിഎ എംപിമാര്‍ നാളെ യോഗം ചേര്‍ന്ന് മോദിയെ ഔദ്യോഗികമായി ഭരണകക്ഷി നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് വാരാന്ത്യത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.
ജനതാദള്‍(യുണൈറ്റഡ്) അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായും മോദി ഉള്‍പ്പടെയുള്ളവര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മന്ത്രിസഭയിലെ ചില സുപ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യമാണ് ജെഡിയു മുന്നോട്ട് വച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ കുറേ നാളുകളായി ബിജെപിക്കും ആര്‍ജെഡിക്കും പിന്നിലായിരുന്ന തങ്ങള്‍ ഇക്കുറി മികച്ച പ്രകടനം നടത്തി മുന്നേറിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വില പേശലുകള്‍.