കേരളം

kerala

ETV Bharat / bharat

നാഷണൽ കോൺഫറൻസിന്‍റെ 'ജമ്മു ശബ്‌ദം'; ബിജെപിയിൽ നിന്നും കളം മാറ്റി ചവിട്ടി ഉപമുഖ്യമന്ത്രി പദം വരെയെത്തിയ സുരീന്ദർ ചൗധരി

മുൻ എൻസിയുടെ കാലത്ത് ജമ്മു മേഖല വിവേചനം നേരിട്ടിരുന്നു എന്ന വാദത്തെ പൊളിക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയായാണ് സുന്ദർ ചൗധരിയുടെ ഉപമുഖ്യമന്ത്രിപദം വിലയിരുത്തപ്പെടുന്നത്.

JK Assembly election 2024  BJP To National Conference Leader  Jammu Kashmir Deputy Chief Minister  JK Omar Abdullah Ministry
Jammu and Kashmir CM Omar Abdullah (L) with Deputy CM Surinder Choudhary, at party office, in Jammu (ANI)

By ETV Bharat Kerala Team

Published : Oct 16, 2024, 10:45 PM IST

ശ്രീനഗര്‍: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നൗഷേര അസംബ്ലി മണ്ഡലത്തിൽ നിന്ന് ജമ്മു കശ്‌മീർ ബിജെപി പ്രസിഡൻ്റ് രവീന്ദർ റെയ്‌നയെ പരാജയപ്പെടുത്തിയ സുരീന്ദർ കുമാർ ചൗധരി, മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയിരിക്കുകയാണ്. 2023 ജൂലൈ 11 വരെ ബിജെപിക്കാരനായിരുന്ന വ്യക്തിയാണ് ഇപ്പോൾ ജമ്മു കശ്‌മീരിന്‍റെ നാഷണൽ കോൺഫറൻസിന്‍റെ ഉപമുഖ്യമന്ത്രി പദത്തിലിരിക്കുന്നതെന്നതാണ് കൗതുകമുള്ള കാര്യം.

ആരാണ് സുന്ദർ ചൗധരി?

ജിയാ ലാൽ ചൗധരിയുടെ മകനായി രജൗരി ജില്ലയിലെ നോനിയാൽ ഗ്രാമത്തിലാണ് സുന്ദർ ചൗധരിയുടെ ജനനം. അച്ഛൻ ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം, 1987-ൽ ജമ്മു കശ്‌മീർ സ്‌റ്റേറ്റ് സ്‌കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്ന് 12-ാം ക്ളാസ് പാസായതാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യത. ഇസിഐക്ക് സമർപ്പിച്ച സത്യവാങ്മൂല പ്രകാരം സുന്ദർ ചൗധരിക്ക് 2.3 കോടി രൂപയുടെ ആസ്‌തിയുണ്ട്.

സുന്ദർ ചൗധരിയുടെ രാഷ്ട്രീയ യാത്ര

2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജമ്മു കശ്‌മീർ യൂണിറ്റ് പ്രസിഡൻ്റ് രവീന്ദർ റെയ്‌നയെ 7,819 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ചൗധരി ഒമർ അബ്‌ദുള്ള മന്ത്രിസഭയിലെത്തിയിരിക്കുന്നത്. 2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിച്ച ചൗധരിയെ 95,000 വോട്ടുകൾക്ക് റെയ്‌ന പരാജയപ്പെടുത്തിയിരുന്നു. പിന്നീട് 2015 ൽ സുരീന്ദർ ചൗധരിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി (എംഎൽസി) നോമിനേറ്റ് ചെയ്‌തു.

ഡീലിമിറ്റേഷൻ കമ്മീഷനിലൂടെ ബിജെപി നൗഷേര, സുന്ദർബാനി നിയമസഭാ സീറ്റുകൾ ഉണ്ടാക്കിയതോടെ 2021 ൽ പിഡിപിയിൽ നിന്ന് രാജിവച്ച ചൗധരി 2022 ഏപ്രിൽ 5-ന് ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടി. ഒരു വർഷം നീണ്ടു നിന്ന ബിജെപി ജീവിതത്തിന് ശേഷം 2023 ജൂലൈ 11 നാണ് ഒമർ അബ്‌ദുള്ളയുടെ സാന്നിധ്യത്തിൽ ചൗധരി നാഷണൽ കോൺഫറൻസിൽ ചേർന്നത്. ബിജെപിയുടെ രവീന്ദർ റെയ്‌ന വംശീയ രാഷ്ട്രീയം കളിക്കുകയാണെന്നും അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും ആരോപിച്ചായിരുന്നു ചൗധരിയുടെ രണ്ടാമത്തെ കളം മാറ്റം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാഷണൽ കോൺഫറൻസിന്‍റെ 'ജമ്മു മുഖം'

നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യത്തിൽ നിന്നുള്ള ഏക ഹിന്ദു എംഎൽഎയായ സുരീന്ദർ ചൗധരിക്ക് രവീന്ദർ റെയ്‌നയെ പോലെയുള്ള മുതിർന്ന നേതാവിനെ പരാജയപ്പെടുത്തിയതിയതിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ജാട്ട് സമുദായത്തിൽ നിന്ന് വരുന്ന ചൗധരി ജമ്മു കശ്‌മീരിലെ പ്രമുഖ ഹിന്ദു നേതാക്കളിൽ ഒരാള്‍ കൂടിയാണ്. മുൻ എൻസിയുടെയും കോൺഗ്രസിൻ്റെയും കാലത്ത് ജമ്മു മേഖല വിവേചനം നേരിട്ടിരുന്നു എന്നൊരു ആരോപണം നിലനിന്നിരുന്നു. ഈ വാദത്തെ പൊളിക്കാനുള്ള നാഷണൽ കോൺഫറൻസിന്‍റെയും ഒമർ അബ്‌ദുള്ളയുടെയും നീക്കം കൂടിയായാണ് സുന്ദർ ചൗധരിയുടെ ഉപമുഖ്യമന്ത്രിപദം വിലയിരുത്തപ്പെടുന്നത്.

ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, ജമ്മു മേഖലയിലെ ഭൂരിഭാഗം സീറ്റുകളും ബിജെപിയുടെ കൈകളിലേക്ക് പോയാലും, പുതിയ സർക്കാരിൽ ഈ മേഖലയ്ക്ക് പ്രാതിനിധ്യമുണ്ടാവുമെന്ന് ഒമർ അബ്‌ദുള്ള നേരത്തെ പറഞ്ഞിരുന്നു. ഇതിനായാണ് ജമ്മുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്ന് ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞക്ക് ശേഷം ആവർത്തിച്ചു.

10 വർഷത്തിന് ശേഷം ജമ്മുവിൽ പുതിയൊരു മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ, ഒമർ അബ്‌ദുള്ളക്കും സുന്ദർ ചൗധരിക്കും തങ്ങളിൽ വിശ്വാസമർപ്പിച്ച ജനങ്ങളോട് നീതിപുലർത്താനാകുമോ എന്നതാണ് ഇനി പ്രധാനം.

Also read:കശ്‌മീരിനെ നയിക്കാൻ ഇനി ഒമര്‍ അബ്‌ദുള്ള; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, സിപിഎമ്മും കോണ്‍ഗ്രസും മന്ത്രിസഭയില്‍

ABOUT THE AUTHOR

...view details