ഹിങ്കോളി: തന്‍റെ ഹെലികോപ്‌റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന നടത്തിയെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങള്‍ നിരന്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനിടെയാണ് അമിത് ഷായുടെ വെളിപ്പെടുത്തല്‍. 2024 മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ഹിങ്കോളി മണ്ഡലത്തില്‍ പ്രചാരണത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെലികോപ്‌റ്ററില്‍ ഉദ്യോഗസ്ഥര്‍ തന്‍റെ ബാഗ് പരിശോധിക്കുന്നതിന്‍റെ ചിത്രങ്ങളും അമിത് ഷാ എക്‌സില്‍ പങ്കുവച്ചു. ബിജെപി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ തെരഞ്ഞെടുപ്പിനായി കമ്മീഷന്‍റെ എല്ലാ നിയമങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സംവിധാനത്തിനായി നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമാക്കാന്‍ നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ചതോടെയാണ് പ്രതിപക്ഷമായ മഹാവികാസ് അഘാടിയും ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്. തിങ്കളാഴ്‌ച യവാത്‌മാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പരിശോധന. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഹെലികോപ്‌ടറിലെ പരിശോധന.
നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റൂ ഞാന്‍ എന്‍റേതുമെന്നായിരുന്നു തന്‍റെ ബാഗുകൾ പരിശോധിച്ചതിന് പിന്നാലെ ഉദ്ധവ് പറഞ്ഞത്. നിങ്ങള്‍ എന്‍റെ ബാഗുകള്‍ പരിശോധിച്ചത് പോലെ പ്രധാനമന്ത്രി മോദിയുടെയും അമിത്ഷായുടെയും ബാഗുകള്‍ പരിശോധിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Also Read:ദാരിദ്ര്യ നിർമാർജനത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു: നരേന്ദ്ര മോദി