ന്യൂഡൽഹി:എസ്‌ഡിപിഐയുടെ പിന്തുണ വയനാട്ടിൽ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ് ടോം വടക്കൻ. ആര് ജയിക്കും തോൽക്കും എന്നതല്ല പ്രശ്‌നമെന്നും ആരുടെ പിന്തുണയാണ് കോൺഗ്രസ് സ്വീകരിക്കുന്നതാണ് നോക്കേണ്ടതെന്നും ടോം വടക്കൻ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി വമ്പൻ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ചിരിക്കുന്നതിനിടെയാണ് ടോം വടക്കന്‍റെ പ്രതികരണം.
'ജനസംഖ്യാപരമായി ഒരു പ്രത്യേക സമൂഹത്തിന് പിന്തുണയുള്ള പ്രദേശമാണ് വയനാട്. എന്നിരുന്നാലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി അവർ പിഎഫ്ഐയുടെയും എസ്‌ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുകയാണ്. ഇവ രണ്ടും ദേശവിരുദ്ധ സംഘടനകളാണ്.
കോൺഗ്രസ് ജയിക്കുകയോ തോൽക്കുകയോ ചെയ്യുകയാണെങ്കിൽ ദേശവിരുദ്ധമായ എന്തെങ്കിലും ചെയ്‌തുവെന്നതാണ് സത്യം. കാരണം അവർ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ കോൺഗ്രസ് പാർട്ടിയുടെ നേതാക്കളോട് ഞങ്ങൾ അഭ്യർഥിക്കുകയാണ് നിങ്ങൾ ഇത് ചെയ്യുന്നത് നിർത്തുക കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാം മനസിലായിക്കൊണ്ടിരിക്കുകയാണ്'- ടോം വടക്കൻ പറഞ്ഞു.