കേരളം

kerala

ETV Bharat / bharat

നിതീഷ്‌ കുമാര്‍ ബിജെപിയിലേക്കോ? മമത ഇന്ത്യ മുന്നണി വിടുമോ? ആശങ്കയില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം. മമത ബാനര്‍ജി ഇന്ത്യ മുന്നണി വിട്ടേക്കുമെന്നും വാര്‍ത്തകള്‍. ഇരുനേതാക്കളെ കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസില്‍ ആശങ്കയുണ്ടാക്കുന്നു. ഇന്ത്യ മുന്നണി ഐക്യത്തിലേക്ക് ഉറ്റുനോക്കി പൊതുജനങ്ങള്‍.

Bihar CM Nitish Kumar  INDIA bloc And Congress  നിതീഷ്‌ കുമാര്‍ ബിജെപിയിലേക്ക്  മമത ബാനര്‍ജി ഇന്ത്യ മുന്നണി
Bihar CM Nitish Kumar May Join To BJP

By ETV Bharat Kerala Team

Published : Jan 25, 2024, 7:21 PM IST

ന്യൂഡല്‍ഹി:ബിജെപിയെ നേരിടാന്‍ ഒരുമിച്ച ഇന്ത്യ മുന്നണിയില്‍ വിള്ളലെന്ന് അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ത്യ മുന്നണി വിട്ടേക്കുമെന്നാണ് വാര്‍ത്ത. ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യ മുന്നണി വിട്ട് നിതീഷ്‌ കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറിയേക്കുമെന്നാണ് വിവരം.

അതേസമയം കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ ബംഗാളില്‍ തനിച്ച് മത്സരിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനവും ഇന്ത്യ മുന്നണിയില്‍ ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. നിതീഷ്‌ കുമാറിന്‍റെയും മമത ബാനര്‍ജിയുടെയും ഇന്ത്യ മുന്നണിയിലെ നിലനില്‍പ്പ് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ 72 കാരനായ കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ട്.

ഇന്ത്യ മുന്നണിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ലോക്‌സഭ തെരഞ്ഞടുപ്പ് അടക്കമുള്ള കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയായേക്കും. കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പൂരി ഠാക്കൂറിന് നല്‍കിയതില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മുന്നണിയിലെ നിതീഷ്‌ കുമാറിന്‍റെ നിലനില്‍പ്പിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്.

Also Read:'നരേന്ദ്ര മോദിജിക്ക് നന്ദി'; നിതീഷ്‌ കുമാറിന്‍റെ മോദി സ്‌തുതി, ഇന്ത്യ മുന്നണിയില്‍ ആശങ്ക

നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടക്കം ഭരിച്ച സമയത്ത് കര്‍പൂരി ഠാക്കൂരിന് പുരസ്‌കാരം നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ നിതീഷ്‌ കുമാര്‍ കുടുംബ രാഷ്‌ട്രീയത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ കുടുംബ രാഷ്‌ട്രീയത്തെ കുറിച്ചുള്ള പരാമര്‍ശം ആര്‍ജെഡിക്കെതിരെയാണോ അതോ കോണ്‍ഗ്രസിന് എതിരെയാണോയെന്നത് വ്യക്തമല്ല. ഇതെല്ലാമാണ് നിതീഷ്‌ കുമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന കാര്യത്തിലെ സംശയം ഇരട്ടിപ്പിച്ചത്.

കര്‍പൂരി ഠാക്കൂര്‍ തന്‍റെ കുടുംബാംഗങ്ങളെ രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം ബിഹാറിലെ വലിയ സോഷ്യലിസ്റ്റ് നേതാവായിരുന്നുവെന്നും നിതീഷ്‌ കുമാര്‍ പറഞ്ഞു.

ബിഹാര്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്‌ത് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും: ബിഹാറിലെ രാഷ്‌ട്രീയ സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും തമ്മില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിതീഷ്‌ കുമാറിന്‍റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റങ്ങളെ കുറിച്ചൊന്നും ഇരുവരും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നിതീഷ്‌ കുമാര്‍ ബിജെപിയിലേക്ക് മാറുകയാണെങ്കില്‍ 2013ന് ശേഷമുള്ള അഞ്ചാമത്തെ മാറ്റമായിരിക്കും അത്.

മഹാസഖ്യത്തില്‍ നിന്നും പുറത്ത് പോയതിന് പിന്നാലെ എന്‍ഡിഎയില്‍ ചേര്‍ന്ന അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം 2022ലാണ് അവസാനമായി പക്ഷം മാറിയത്. നിരന്തരം പാര്‍ട്ടി മാറുന്ന നിതീഷ്‌ കുമാറിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ അത്ഭുതപ്പെടാനില്ലെന്ന് നിലപാടിലാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. എന്നിരുന്നാലും ഇന്ത്യ മുന്നണിയില്‍ പിളര്‍പ്പുണ്ടായാല്‍ അത് ബിജെപിക്ക് ഗുണകരമായേക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏല്‍ക്കുന്ന വന്‍ തിരിച്ചടിയാകും അത്.

ജോഡോ യാത്രയെ കുറിച്ചൊന്നും മിണ്ടില്ല:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ത്യ മുന്നണി വിടുമെന്ന് അഭ്യൂഹം പടരാനുണ്ടായ പ്രധാന കാരണം കഴിഞ്ഞ ദിവസം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെ കുറിച്ച് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തില്ലെന്ന പ്രഖ്യാപനത്തിലാണ്. പശ്ചിമ ബംഗാളില്‍ തനിച്ച് മത്സരിക്കുമെന്നും മമത പറഞ്ഞിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ ന്യായ്‌ യാത്രയെ കുറിച്ച് മമത ബാനര്‍ജിയുമായി സംസാരിച്ചിരുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

പശ്ചിമ ബംഗാളിലൂടെ കടന്ന് പോകുന്ന യാത്രയെ കുറിച്ച് യാതൊന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നില്ലെന്നുമാണ് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെ മമതയെ കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്.

Also Read:കോണ്‍ഗ്രസിനോട് മമതയില്ലാതെ തൃണമൂല്‍; ബംഗാളില്‍ തനിച്ചെന്ന് പ്രഖ്യാപനം

ABOUT THE AUTHOR

...view details