ന്യൂഡല്‍ഹി:10 സംസ്ഥാനങ്ങളിലായി 31 നിയമസഭാ മണ്ഡലങ്ങളിലേക്കും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് 6 മണി വരെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാകും.
കോൺഗ്രസും ഇന്ത്യാ മുന്നണിയും വളരെയധികം പ്രാധാന്യത്തോട് കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും നിര്‍ണായകമാണ്. ഭൂരിഭാഗം സീറ്റിലും വിജയിച്ച് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം.
അതേസമയം, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചോ എന്നത് മനസിലാക്കാനും ബിജെപിയും വളരെ ഗൗരവത്തോടെയാണ് ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
രാജസ്ഥാൻ (7 സീറ്റുകൾ), പശ്ചിമ ബംഗാൾ (6 സീറ്റുകൾ), അസം (5 സീറ്റുകൾ), ബിഹാർ (4 സീറ്റുകൾ), കർണാടക (3 സീറ്റുകൾ), മധ്യപ്രദേശ് (2 സീറ്റുകൾ), ഛത്തീസ്‌ഗഢ്, ഗുജറാത്ത്, കേരളം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനിൽ ജുൻജുനു, ദൗസ, ദിയോലി-ഉനിയാര, ഖിൻവ്‌സർ, ചൗരാസി, സലുംബർ, രാംഗഢ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കും. ബിജെപി എംഎൽഎ അമൃത്‌ലാൽ മീണയുടെയും കോൺഗ്രസ് എംഎൽഎ സുബൈർ ഖാന്‍റെയും മരണത്തെ തുടർന്നാണ് സലൂംബറിലും രാംഗഢിലും വോട്ടെടുപ്പ് നടക്കുന്നത്.