ഗുവാഹത്തി:അസമില്‍ 4 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന ആരോപണം ചര്‍ച്ചയാകുന്നു. നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാൻ ബിജെപി ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന ധുബ്രിയിൽ നിന്നുള്ള ലോക്‌സഭാ എംപി റാക്കിബുൾ ഹുസൈന്‍റെ ആരോപണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. ബീഫ് നിരോധിക്കുമെന്ന് പറഞ്ഞ ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ അസമിലെ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ബീഫ് വിൽപന നിരോധിക്കുകയും നിയന്ത്രിക്കുകയും മറ്റ് പല സംസ്ഥാനങ്ങളിലേക്കും നിരോധനം വ്യാപിപ്പിക്കുമെന്നും ബിജെപി നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബീഫ് നിരോധനമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുസ്ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാൻ ബിജെപി ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചുവെന്ന ആരോപണമാണ് അസം രാഷ്‌ട്രീയത്തില്‍ നിലവില്‍ വലിയൊരു കോളിളക്കം സൃഷ്‌ടിച്ചത്. കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം അസമില്‍ പലയിടത്തും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു.
നാഗോൺ ജില്ലയിലെ സമഗുരി മണ്ഡലത്തിന് കീഴിലുള്ള ടെറോ മൈൽ ഏരിയയിൽ ബിജെപി ബീഫ് പാർട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് ലോക്‌സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ റാക്കിബുൾ ഹുസൈൻ ആരോപിച്ചത്. ബിജെപിക്ക് മുസ്ലിം വോട്ടുകൾ ആവശ്യമില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന ഹിമന്ത ബിശ്വ ശർമ്മ അടുത്തിടെ മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരെ തൃപ്‌തിപ്പെടുത്താൻ ബീഫ് പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് ഹുസൈൻ ഒരു റാലിയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘടിപ്പിച്ച പ്രത്യേക സ്ഥലത്ത് ബീഫ് പാർട്ടി നടന്നതായി തെളിയിക്കുന്നതിനുള്ള ദൃശ്യങ്ങൾ തന്‍റെ പക്കലുണ്ട്. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ രാഷ്‌ട്രീയ ജീവിതം രാജിവയ്ക്കുമെന്നും ഹുസൈൻ വ്യക്തമാക്കിയിരുന്നു. 'കുട്ടികളെ പ്രസവിക്കുന്ന യന്ത്രങ്ങൾ' എന്നാണ് മുസ്ലിം സ്ത്രീകളെ കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ മുസ്ലിം വോട്ടർമാരെ പ്രീതിപ്പെടുത്താൻ ബീഫ് പാർട്ടികൾ സംഘടിപ്പിക്കുന്നുവെന്നും, തന്‍റെ ആരോപണത്തെക്കുറിച്ച് ആര്‍എസ്‌എസ് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു.
സമഗുരി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഹുസൈന്‍റെ മകൻ തൻസില കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് തവണ തുടർച്ചയായി സമഗുരി സീറ്റ് നിലനിർത്തിയ ഹുസൈൻ, ഈ വർഷമാദ്യം ധുബ്രിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ, മകന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഹുസൈൻ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
'ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചിട്ടില്ല', ആരോപണം നിഷേധിച്ച് ബിജെപി, തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി