ബറേലി (ഉത്തര്‍പ്രദേശ്):ശനിയാഴ്‌ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്‌പൂരിലേക്ക് പോവുകയായിരുന്ന കാര്‍ അപകടത്തില്‍പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. ബറേലി ജില്ലയിലെ ഫരീദ്‌പൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. മാപ്പ് നോക്കി കാറോടിച്ച് പോകവെ ഖൽപൂരിലെ രാംഗംഗ നദിയിലെ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് താഴേക്ക് വീണാണ് കാര്‍ അപകടത്തില്‍പെട്ടത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ മൂന്ന് യുവാക്കളും മരിച്ചതായി പൊലീസ് അറിയിച്ചു. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ഗുഡ്‌ഗാവിൽ നിന്ന് ഫരീദ്‌പൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കി മൂന്ന് പേരും ഗുഡ്‌ഗാവിൽ നിന്ന് വരികയായിരുന്നുവെന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ റൂട്ട് ഗൂഗിള്‍ മാപ്പില്‍ ഉണ്ടായിരുന്നു, എന്നാല്‍ പകുതിയോളം മാത്രമാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിരുന്നത്.
ഇത് അറിയാതെ ഗൂഗിള്‍ മാപ്പ് നോക്കിവന്ന യുവാക്കളുടെ കാര്‍ പൊടുന്നനെ പാലത്തില്‍ നിന്നും നദിയിലേക്ക് വീഴുകയായിരുന്നു. പാലത്തി നിന്നും 50 അടിയോളം താഴ്‌ചയിലേക്കാണ് കാർ വീണത്. സര്‍ക്കാരും പി.ഡബ്ല്യു.ഡിയും പാലത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി പങ്കുവച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഈ അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് മരിച്ചയാളുടെ കുടുംബം പറഞ്ഞു.
Read Also: മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കഴിച്ചു; നാല്‍പ്പതുകാരന് ദാരുണാന്ത്യം