ധാക്ക:ബംഗ്ലാദേശില്‍ഏഴുനില വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാജ്യതലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലുള്ള റസ്റ്റോറന്‍റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 44 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഏഴ് നിലകളുള്ള ഗ്രീന്‍ കോസി കോട്ടേജ് കെട്ടിട്ടടത്തിൽ ഇന്നലെ (29-02-2024) രാത്രി 9:50 ഓടെയാണ് തീപിടിത്തമുണ്ടായത്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 40-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബിരിയാണി സെന്‍ററിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകൾനിലകളിലേക്ക് ആളിപ്പടരുകയായിരുന്നെന്നാണ് റിപ്പോർട്ട് (Massive fire kills 44 people at Bailey Road building in Bangladesh Dhaka).
44 പേരുടെ മരണം ഇന്ന് (മാര്‍ച്ച് 1) പുലര്‍ച്ചെയാണ് ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽ സെൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അഗ്നിബാധയില്‍ പൊള്ളലേറ്റവരില്‍ 33 പേർ ഡിഎംസിഎച്ചിലും, 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും, ഒരാള്‍ സെന്‍ട്രല്‍ പൊലീസ് ആശുപത്രിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു.
ധാക്കയിലെ ബെയ്‌ലി റോഡ് കെട്ടിടത്തിൽ നിരവധി റെസ്റ്റോറൻ്റുകളും വസ്ത്ര, മൊബൈൽ ഫോൺ ഷോപ്പുകളും ഉണ്ട്. ഇവിടത്തെ പ്രശസ്‌തമായ ഒരു ബിരിയാണി റെസ്റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടരുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയുമായിരുന്നുവെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.