അയോധ്യ (ഉത്തര്‍പ്രദേശ്): രാമക്ഷേത്ര നിര്‍മ്മാണം 2025 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു. ചുറ്റമ്പലവും ചെരുപ്പുകള്‍ സൂക്ഷിക്കാനുള്ള സ്ഥലവും സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും. നിര്‍മ്മാണത്തിലിരിക്കുന്ന ഗോപുരത്തിന്‍റെ സുരക്ഷ വ്യോമയാന അധികൃതര്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മ്യൂസിയത്തില്‍ 85 ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കാനുണ്ട്. ഇതില്‍ അറുപതെണ്ണത്തിന്‍റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. രാമന്‍റെ ആറ് ചുവര്‍ ചിത്രങ്ങളടക്കം 21 എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്ന് നിലകളിലെ കിളിവാതിലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗോപുരത്തിന്‍റെ നിര്‍മ്മാണമാണ് ഏറെ വെല്ലുവിളികള്‍ നേരിടുന്നത്. ഇതിൽ വ്യോമയാന അധികൃതരുടെ സുരക്ഷ പരിശോധന നടക്കുന്നുണ്ട്. നിര്‍മ്മാണത്തിന്‍റെ മുഴുവന്‍ പുനഃപരിശോധനയും ഇന്ന് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
അവശേഷിക്കുന്ന നിര്‍മ്മാണങ്ങള്‍ എന്ന് പൂര്‍ത്തിയാക്കണമെന്നതിനെക്കുറിച്ചും ധാരണയായിട്ടുണ്ട്. കോട്ട നിര്‍മ്മാണത്തിനായി 840,000 ക്യുബിക് അടി കല്ലുകള്‍ ഇട്ടു കഴിഞ്ഞു. ഇനി മൂന്ന് ലക്ഷം ക്യൂബിക് അടി കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ആറ് ക്ഷേത്രങ്ങളുടെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുറ്റമ്പലം 2025 ജൂണോടെ പൂര്‍ത്തിയാക്കാനാകുമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.
ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ സമിതി നാല് കവാടങ്ങള്‍ക്ക് പേരിടാന്‍ അയോധ്യയിലെ സന്യാസിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനുവരി ആദ്യ ആഴ്‌ചയില്‍ ജയ്‌പൂരില്‍ ബിംബങ്ങളുടെ അന്തിമ പരിശോധന നടത്തും. ക്ഷേത്രസമുച്ചയത്തിന്‍റെ മധ്യത്തില്‍ കുളത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.
നഗാരാ പരമ്പരാഗത ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്ക് പടിഞ്ഞാറ് ദര്‍ശനമുള്ള 380 അടി നീളമുള്ള ക്ഷേത്രത്തിന് 250 അടി വീതിയുമുണ്ട്. ഭൗമനിരപ്പില്‍ നിന്ന് 161 അടി ഉയരത്തിലാണ് ക്ഷേത്രം. 392 തൂണുകളിലായി ക്ഷേത്രത്തെ പടുത്തുയര്‍ത്തിയിരിക്കുന്നു. 44 കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഹിന്ദു ദേവതമാരുടെ ശില്‍പ്പങ്ങള്‍ കൊണ്ട് ക്ഷേത്ര ചുമരുകളും തൂണുകളും അലങ്കരിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള ക്ഷേത്ര ശ്രീകോവിലില്‍ ഭഗവന്‍ രാമന്‍റെ ബാലരൂപത്തിലുള്ള പ്രതിഷ്‌ഠയാണ് സ്ഥാപിച്ചിരിക്കുന്നത്.
Also Read:നൂറ്റാണ്ടുകൾ നീണ്ട തർക്കം, കാത്തിരിപ്പ് ; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്‍റെ നാൾവഴി - രാമക്ഷേത്ര നിർമ്മാണം