കേരളം

kerala

ETV Bharat / bharat

അയോധ്യയില്‍ നാളെ 'പ്രാണ പ്രതിഷ്‌ഠ' ; ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്ക്, പഴുതടച്ച സുരക്ഷ - Ayodhya Consecration

Ayodhya Pranapratishta : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ക്ഷണിക്കപ്പെട്ട പ്രമുഖര്‍ ക്ഷേത്രനഗരിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. നഗരം കനത്ത സുരക്ഷയില്‍.

Ayodhya  Ayadhya Pranaprathishta  അഭിജിത് മുഹൂര്‍ത്തം  പ്രാണ പ്രതിഷ്‌ഠ
Ayodhya All set for PranaPrathishta PM arrives tomorrow morning

By ETV Bharat Kerala Team

Published : Jan 21, 2024, 10:38 AM IST

Updated : Jan 21, 2024, 11:50 AM IST

അയോധ്യ : രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായുള്ള അധിവാസ, കലശ പൂജ ചടങ്ങുകള്‍ ഇന്ന് പൂര്‍ത്തിയാകും. അലങ്കരിച്ച ക്ഷേത്രത്തിന്‍റെ ചിത്രങ്ങള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്(Ayodhya Pranapratishta).

പ്രാണ പ്രതിഷ്‌ഠ എന്നാണ് ചടങ്ങിനെ വിവക്ഷിക്കുന്നത് (Consecration Ayodhya). പ്രാണ പ്രതിഷ്‌ഠയെ, കല്ലിലോ മരത്തിലോ ലോഹത്തിലോ തീര്‍ത്ത വിഗ്രഹത്തിലേക്ക് പ്രാണനെ സന്നിവേശിപ്പിക്കുന്ന താന്ത്രിക കര്‍മ്മമായാണ് കരുതുന്നത്. ദേവതയുടെ മൂലമന്ത്രം ചൊല്ലിയാണ് ഇത് നിര്‍വഹിക്കുന്നത്.

കേവലം 84 സെക്കന്‍റ് മാത്രമാണ് നാളെ അയോധ്യയിലെ പ്രാണപ്രതിഷ്‌ഠയ്ക്കുള്ള അഭിജിത് മുഹൂര്‍ത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍. രാവിലെ 10.20 ന് ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി 10.50ന് ക്ഷേത്രത്തിലെത്തും. രാമേശ്വരത്തെ 22 ക്ഷേത്രങ്ങളില്‍ നിന്ന് ശേഖരിച്ച പുണ്യ തീര്‍ഥങ്ങളുമായാണ് മോദി രാമപ്രതിഷ്‌ഠാ ചടങ്ങിനെത്തുന്നത്. തുടര്‍ന്ന് മോദി സരയൂനദിയില്‍ സ്നാനം ചെയ്തശേഷം രാം ഗഡിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി അനുവാദം വാങ്ങും. പിന്നീട് പ്രധാന കവാടമായ സിംഹദ്വാര്‍ കടന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെത്തും.

ഗര്‍ഭഗൃഹത്തിലാണ് ചടങ്ങുകള്‍. ഇതിനകം തന്നെ രാം ലല്ല(Ramlalla) വിഗ്രഹം സ്ഥാപിച്ച് കഴിഞ്ഞു. വിവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത 114 കുടം വെള്ളം ഉപയോഗിച്ച് വിഗ്രഹത്തില്‍ കലശം നടത്തും. വിശ്വാസമനുസരിച്ച് രാമന്‍ ജനിച്ചത് ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ്.

ചടങ്ങുകള്‍ നടക്കുന്നത് 11.30 മുതല്‍ 12.30 വരെയുള്ള സമയത്താണ്. പ്രാണപ്രതിഷ്‌ഠയ്ക്കുള്ള സമയമായ അഭിജിത് മുഹൂര്‍ത്തം 12.29.08നും 12.30.32നും ഇടയിലാണ്. പ്രാണ പ്രതിഷ്‌ഠ നടക്കുമ്പോള്‍ ഗര്‍ഭഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും.

പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ദേവന് 56 വിഭവങ്ങളുടെ നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ പ്രധാന കവാടം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തര്‍ക്കായി തുറന്ന് കൊടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും.ഏഴായിരം പേരാകും ഇവിടെയുള്ള ഇരിപ്പിടങ്ങളില്‍ ഉണ്ടാവുക. ചടങ്ങിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 51 ഇടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 22,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പ്രതിഷ്‌ഠാ ചടങ്ങുകളുടെ ഭാഗമായി നാളെ രാവിലെ പത്തിന് 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന 'മംഗളധ്വനി' നടക്കും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ രണ്ട് മണിക്കൂര്‍ നീളുന്ന സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മോദിയുടെ സന്ദര്‍ശനം തുടരുകയാണ്. വിഭീഷണന്‍ രാമനെ ആദ്യമായി കണ്ട് അഭയം തേടിയ സ്ഥലമായി പുരാണങ്ങളില്‍ പറയുന്ന ധനുഷ്കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച മോദി രാമസേതു നിര്‍മ്മാണം തുടങ്ങിയ അരിച്ചല്‍ മുനയും സന്ദര്‍ശിക്കും.

Last Updated : Jan 21, 2024, 11:50 AM IST

ABOUT THE AUTHOR

...view details