ഹൈദരാബാദ് : നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്‌റ്റിൽ. പിർജാദിഗുഡ രാമകൃഷ്‌ണ നഗറിൽ ക്ലിനിക് നടത്തുന്ന ഐത ശോഭാറാണിയും അവരുടെ സുഹൃത്തായ ബോഡുപ്പാൽ സ്വദേശി ഷൈലജയുമാണ് പിടിയിലായത്. കുട്ടികളില്ലാത്തവരെ സഹായിക്കുക എന്ന വ്യാജേനയാണ് പ്രതികൾ കുട്ടികളെ വിൽക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്‌ച (മെയ് 22) മേഡ്‌ചൽ - മൽകാജ്‌ഗിരി ജില്ലയിലെ മേഡിപള്ളി പൊലീസ് സ്‌റ്റേഷൻ വഴിയാണ് സംഭവം പുറത്തറിയുന്നത്.
കുട്ടികളുടെ എണ്ണം കൂടിയതോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഉള്ള മാതാപിതാക്കളിൽ നിന്നും കുട്ടികളെ വിലയ്‌ക്ക് വാങ്ങിയാണ് ഇവർ മറ്റുള്ളവർക്ക് കൈമാറുന്നത്. ഇങ്ങനെ കുഞ്ഞുങ്ങളെ വിൽക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അധികൃതർ അറിയിച്ചു.
ഐത ശോഭാറാണിയും, ഷൈലജയും ക്ലിനിക്കിന്‍റെ മറവിൽ കുട്ടികളെ വിൽക്കുന്നതായി അക്ഷരജ്യോതി ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ആദ്യം മനസിലായത്. കൂടുതല്‍ വിവരം ലഭിക്കുന്നതിനായി, തങ്ങൾക്ക് കുട്ടികളില്ലെന്നും ആൺകുട്ടിയോ പെൺകുട്ടിയോ വേണമെന്നും ആവശ്യപ്പെട്ട് ഈ ഫൗണ്ടേഷൻ അവരുടെ ക്ലിനിക്കുമായി ബന്ധപ്പെട്ടു.
ഇത്തരം കാര്യങ്ങൾ തങ്ങള്‍ ചെയ്യാറില്ല എന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞെങ്കിലും കുറച്ചു സമയത്തിന് ശേഷം തങ്ങളുടെ കൈയിൽ ഇപ്പോൾ കുട്ടികളില്ല എന്ന് ഫൗണ്ടേഷന്‍ പ്രതിനിധികളെ ഇവര്‍ അറിയിക്കുകയായിരുന്നു. പിന്നീട് ആൺകുട്ടിക്ക് 6 ലക്ഷവും പെൺകുട്ടിക്ക് 4.50 ലക്ഷവും നൽകണമെന്ന് പറഞ്ഞ് ഐത ശോഭാറാണി ഫൗണ്ടേഷൻ പ്രതിനിധികളെ ബന്ധപ്പെട്ടു.
ഫൗണ്ടേഷന്‍ അവരുടെ ആവശ്യം സമ്മതിക്കുകയും ചെയ്‌തു. പിന്നാലെ 10,000 രൂപ ഫൗണ്ടേഷൻ അധികൃതർ അവർക്ക് അഡ്വാൻസായി നൽകി. അഡ്വാൻസ് കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം, ചൊവ്വാഴ്‌ച രാത്രി, കുഞ്ഞിനെ തരാൻ തയ്യാറാണെന്നും പണവുമായി എത്തണമെന്നും ഐത ശോഭറാണി അവരെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച ക്ലിനിക്കിലെത്തി ഫൗണ്ടേഷൻ അധികൃതർ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികൾ കൂടുതലുള്ളതും സാമ്പത്തിക പ്രശ്‌നങ്ങളും കാരണമാണ് കുഞ്ഞിനെ വിൽക്കാൻ മാതാപിതാക്കൾ സമ്മതിച്ചതെന്നുമാണ് ഫൗണ്ടേഷന് ലഭിച്ച വിവരം.
കുട്ടികളെ ഇത്തരത്തിൽ വിൽക്കുന്നുണ്ടെന്ന വിവരം ഫൗണ്ടേഷൻ മാനേജർമാർ പൊലീസിൽ അറിയിക്കുകയും അവർ ഇടപെട്ട് ഐത ശോഭാറാണിയേയും ഷൈലജയേയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ശേഷം കുഞ്ഞിനെ ശിശുവിഹാറിലേക്ക് അയച്ചു. വിൽപ്പനയ്ക്ക് സഹായിച്ച ഉപ്പൽ ആദർശനഗറിലെ ചിന്ത സ്വപ്‌ന, അതേ കോളനിയിലെ ഷെയ്ഖ് സലിം പാഷ എന്നിവരെയും കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതായി പൊലീസ് പറഞ്ഞു.
പ്രതികൾ കുഞ്ഞിന്‍റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി നൽകിയിട്ടില്ല. മാതാപിതാക്കൾ ചെങ്കിചർളയിൽ നിന്നുള്ളവരാണെന്നാണ് ആദ്യം ഇവർ മൊഴി നൽകിയിരുന്നത്, പിന്നീട് അവർ വിജയവാഡയിൽ നിന്നുള്ളവരാണെന്ന് മാറ്റി പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തില്‍ മാത്രമേ പൂർണമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് എസ്ഐ പ്രഭാകർ റെഡ്ഡി പറഞ്ഞു.
ALSO READ : 13 വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താന്‍ എഐ സഹായം തേടി തമിഴ്‌നാട് പൊലീസ്