ന്യൂഡല്‍ഹി/ഗാസിയാബാദ്:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ഭരണകക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ പോരു മുറുകുന്നു. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ബിജെപി അനധികൃത റോഹിങ്ക്യകളെ പുനരധിവസിപ്പിക്കുന്നുവെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണത്തോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള വാക്‌പോര് കടുത്തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി അതിഷി എഴുതിയ കത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ ഒരു ട്വീറ്റ് എടുത്ത് കാട്ടിയാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചിരിക്കുന്നത് ബോധപൂര്‍വമാണെന്നാണ് അതിഷി ആരോപിക്കുന്നത്.
അതേസമയം എഎപി വിഭാഗീയതയുടെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് പുരി ആരോപിച്ചു. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളുമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ദീപ് സിങ് പുരിയുടെ 2022ലെ രണ്ട് ട്വീറ്റുകളാണ് ആഭ്യന്തരമന്ത്രിക്കുള്ള കത്തില്‍ അതിഷി എടുത്ത് കാട്ടിയിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജനങ്ങളെ അധിവസിപ്പിച്ച് ഡല്‍ഹിയെ ഇരുട്ടിലേക്ക് തള്ളിവിടാമെന്നാണ് അതിലൊന്ന്. നിരവധി വര്‍ഷങ്ങളായി ഇത് നടന്ന് വരുന്നു.
2022 ഓഗസ്റ്റ് പതിനേഴിന് ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഭയാര്‍ഥികളെ ഡല്‍ഹിയില്‍ പുനരധിവസിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഈ ട്വീറ്റുകള്‍ വ്യക്തമാക്കുന്നതെന്നും അതിഷി ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിലുള്‍പ്പെടുത്തി ബക്കര്‍വാല ഫ്ളാറ്റുകളിലായാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഇത് ശരിക്കും ഡല്‍ഹിയിലെ പാവങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചിരിക്കുന്ന ഫ്ലാറ്റുകളാണ്. ഇത് കുടിയേറ്റക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയിലെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല മറിച്ച് ഡല്‍ഹിയുടെ വിഭവങ്ങള്‍ പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി.