ഗുവാഹത്തി (അസം) : സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. സംസ്ഥാന ദുരന്ത നിവാരണ അധികൃതരാണ് മരണ സംഖ്യ പുറത്തുവിട്ടത്. വെള്ളിയാഴ്‌ച ഒന്‍പത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
തേസ്‌പൂര്‍, ധുബ്രി, നിയമതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ചെനിമാരിയിലെ ബുര്‍ഹി ദിഹിങ് പോഷകനദിയും അപകട നിലയ്ക്ക് മുകളിലാണ്. നഗ്‌ലമുരാഘട്ടയില്‍ ദിസാങ് നദിയിലെയും കരിംഗഞ്ചിലെ കുശിയാര നദിയിലെയും ജലനിരപ്പ് അപകടഘട്ടത്തിന് മുകളിലാണ്.
സംസ്ഥാനത്തെ 21 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കച്ചാര്‍, നഗാവ്, ഹെയ്‌ലകമ്ടി, നല്‍ബാരി, കാമരൂപ്, ഗോലാഘട്ട്, ഗോല്‍പാറ, ദിബ്രുഗഡ്, ധുബ്രി, മോറിഗാവ്, മജുലി, ധേമാജി, സൗത്ത് സല്‍മാര, ദാരങ്, കരിംഗഞ്ച്, ബാര്‍പേട്ട, ബിശ്വനാഥ്, ചിരാങ്, ജോര്‍ഹത്ത് തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. അതേസമയം വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
12.33ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്കുകള്‍. 75 റവന്യൂ സര്‍ക്കിളുകളിലുള്ള 2,406 ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. 32,924.32ഹെക്‌ടര്‍ കൃഷി വെള്ളത്തിനടിയിലാണ്.
ധുബ്രി ജില്ലയെ ആണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 3,18,326 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. കച്ചാറില്‍ 1,48,609 പേരെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗോലഘട്ടില്‍ 95,277 പേരെയും നഗാവിലെ 88,120 പേരെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കി. ഗോല്‍പാറയില്‍ 83,124 പേരും മജുലിയില്‍ 82494 പേരും ധേമാജിയില്‍ 73,662പേരും ദക്ഷിണ സല്‍മാറ ജില്ലയില്‍ 63,400 പേരും ദുരിതത്തിലാണ്.
2.95 ലക്ഷം പേര്‍ 316 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. 6,67,175 കന്നുകാലികളെയും വെള്ളപ്പൊക്ക ദുരിതങ്ങള്‍ ബാധിച്ചിട്ടുണ്ട്. കാസിരംഗ ദേശീയോദ്യാനത്തില്‍ ഇതുവരെ 180 വന്യമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്‌ടമായി. 135 മൃഗങ്ങളെ രക്ഷിച്ചു. ദേശീയോദ്യാനത്തിലെ 35 വന ക്യാമ്പുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
നേരത്തെ അസമില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലെ സ്ഥിതി വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചര്‍ച്ച ചെയ്‌തിരുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇരകളെ രക്ഷിക്കുമെന്നും ഷാ അസമിലെ ദുരിതബാധിതർക്ക് ഉറപ്പ് നൽകി. പ്രളയബാധിത സംസ്ഥാനത്തിന് എല്ലാ സഹായവും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.
Also Read:അസം പ്രളയം: ആശ്വാസത്തിനിടെയിലും ആശങ്ക, മരണസംഖ്യ 72 ആയി ഉയര്‍ന്നു