ഗുവാഹത്തി :അസം വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മൂന്ന് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മുങ്ങി മരിച്ചത്. ടിന്‍സുകിയ ജില്ലയിലാണ് രണ്ട് പേര്‍ മരിച്ചത്. ഒരാള്‍ ധേമാജി ജില്ലയിലാണ് മരിച്ചതെന്ന് അസം ദുരന്ത നിവാരണ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസത്തോടെ വളരെ രൂക്ഷമായിരുന്നു. 28 ജില്ലകളിലായി 11.34 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കാമരൂപ്, തമുല്‍പൂര്‍, ചിരാഗ്, മോറിഗാവ്, ലഖിംപൂര്‍, ബിശ്വനാഥ്, ദിബ്രുഗഡ്, കരിംഗഞ്ച്, ഉദല്‍ഗുരി, നഗാവ്, ബൊന്‍ഗായ് ഗാവ്, സൊനിത്പൂര്‍, ഗോലഘട്ട്, ഹൊജായ്, ദാരങ്, ചരായിദിയോ, നല്‍ബാരി, ജോര്‍ഹട്ട്, ശിവസാഗര്‍, കാര്‍ബി അങ്‌ലോങ്, ഗോല്‍പാറ, ധേംജി, മജൗലി, ടിന്‍സുകിയ, കൊക്രഝാര്‍, ബാര്‍പേട്ട, കച്ചാര്‍ തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
ലഖിംപൂര്‍ ജില്ലയില്‍ മാത്രം 165319 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ദാരങ് ജില്ലയില്‍ 147143 പേരെയും വെള്ളപ്പൊക്കം ബാധിച്ചു. ഗൊലാഘട്ട് 106480, ധേമാജി 101888, ടിന്‍സുകിയ 74848, ബിശ്വനാഥ് 73074, കച്ചാര്‍ 69567, മജൗലി 66167, സോനിത്പൂര്‍ 65061, മൊറിഗാവ് 48452 എന്നിങ്ങനെയാണ് വെള്ളപ്പൊക്ക ബാധിതരുടെ കണക്ക്.
വെള്ളപ്പൊക്കം 42476.18 ഹെക്‌ടര്‍ ഭൂമിയിലെ വിളകളെ ബാധിച്ചിട്ടുണ്ട്. രണ്ടാംഘട്ടവെള്ളപ്പൊക്കം 84 ജില്ലകളിലെ 2208 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. നീമതിഘട്ട്, തേജ്‌പൂര്‍, ഗുവാഹത്തി ധുമ്രി തുടങ്ങിയ മേഖലകളിലാണ് ബ്രഹ്മപുത്രയിലെ ജലനിരപ്പ് ഏറെ ഉയര്‍ന്നിട്ടുള്ളത്. ബദാതിഘട്ടില്‍ സുബന്‍സിരി നദി അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. ബര്‍ഹിദിഹിങ് നദി, ദിഖൗ, ദിസാങ്, ധന്‍സിരി, ജിയ ഭരാളി, കൊപ്‌ളി, ബേകി, കുശ്യാര, ബക്ര, ധലേശ്വരി തുടങ്ങിയ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്.
വെള്ളപ്പൊക്കബാധിത മേഖലകളില്‍ 489 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 2.87 ലക്ഷം പേര്‍ ഇവിടെ കഴിയുന്നു. നിരവധി പേര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ സ്‌കൂള്‍ കെട്ടിടങ്ങളിലേക്കും മറ്റുമാണ് മാറിത്താമസിക്കുന്നത്. സൈന്യം, അര്‍ധസൈനികര്‍, എസ്‌ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 2900 പേരെ രക്ഷപ്പെടുത്തി.
10754.98 ക്വിന്‍റല്‍ അരിയടക്കമുള്ള ഭക്ഷ്യവിഭവങ്ങള്‍ അധികൃതര്‍ വിതരണം ചെയ്‌തു. ഇതിന് പുറമെ കന്നുകാലികള്‍ക്കും തീറ്റ വിതരണം ചെയ്‌തിട്ടുണ്ട്. 832099 മൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 74 റോഡുകളും ആറ് പാലങ്ങളും തകര്‍ന്നിട്ടുണ്ട്.
Also Read:അസമില്‍ ദുരിതപ്പെയ്‌ത്ത്; 19 ജില്ലകളില്‍ നാശം വിതച്ച് വെള്ളപ്പൊക്കം, മരണസംഖ്യ ഉയര്‍ന്നു - flood in assam