ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്‌ജിദ് നിലനില്‍ക്കുന്നയിടത്ത് നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട്. ജില്ല കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിലവിലുള്ള മസ്‌ജിദ് നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകന്‍ വിഷ്‌ണു ശങ്കര്‍ ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു (Archaeological Survey of India (ASI).
നിലവിലെ നിര്‍മിതിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന് മുകളിലാണ് മസ്‌ജിദ് നിര്‍മിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അഭിഭാഷകന്‍ വിഷ്‌ണു പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നും ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല ക്ഷേത്രത്തിന്‍റേതെന്ന് തോന്നിക്കുന്ന തൂണുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും സര്‍വേയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട് (Gyanvapi Mosque in Varanasi).
റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കോടതി നിര്‍ദേശം:ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തില്‍ എഎസ്‌ഐ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ വാരാണസി ജില്ല കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നേരത്തെ എഎസ്‌ഐ നടത്തിയ പരിശോധന റിപ്പോര്‍ട്ടിനായി ഹിന്ദു മുസ്‌ലിം വിഭാഗം അപേക്ഷ നല്‍കിയിരുന്നു. രണ്ട് വിഭാഗങ്ങളില്‍ നിന്നും 11 പേരാണ് റിപ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കോടതി ഉത്തരവിട്ടത്. കോടതി നിര്‍ദേശത്തിന് പിന്നാലെ എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിടുകയും ചെയ്‌തു (ASI Report On Gyanvapi Out).
റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് എഎസ്‌ഐ:ജില്ല കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ജൂലൈ 21നാണ് മസ്‌ജിദ് പരിസരത്ത് ആര്‍ക്കിയോളജി ഓഫ് ഇന്ത്യ പരിശോധന നടത്തിയത്. 17ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മസ്‌ജിദ് ഇത്രയും കാലം സ്ഥിതി ചെയ്‌തത് ക്ഷേത്രത്തിന് മുകളിലാണോയെന്ന് കണ്ടെത്താനാണ് കോടതി എഎസ്‌ഐയോട് ശാസ്‌ത്രീയ സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടത്. സര്‍വേകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡിസംബര്‍ 18നാണ് മുദ്രവച്ച കവറിലുള്ള പഠന റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ജില്ല കോടതിയില്‍ സമര്‍പ്പിച്ചത് (Archaeological Survey of India).
സര്‍വേ റിപ്പോര്‍ട്ട് 4 ആഴ്‌ചക്കുള്ളില്‍ പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എഎസ്‌ഐ കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിട്ടാല്‍ അത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നല്‍കിയത്.