അയോധ്യ : അയോധ്യയിൽ ഇന്ന് നടക്കുന്ന പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ ആരതി നടക്കുമ്പോൾ ആർമി ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്‌ടി നടത്തും (Pran Pratishtha). 30 കലാകാരന്മാർ വിവിധ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കും. സംഗീതാർച്ചനയുടെ ഏതെങ്കിലും ഒരു സമയത്ത് എല്ലാവരും അവരുടെ വാദ്യങ്ങൾ ഒരുമിച്ച് വായിക്കുകയും ചെയ്യും.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീണ, പുല്ലാങ്കുഴല്‍, ഡോലക്ക്, അല്‍ഗോജ, സന്തൂര്‍, ഷെഹ്നായ്, നാഗസ്വരം, തവില്‍, മൃദംഗം സിത്താര്‍ എന്നിവയടക്കമുള്ള 50 വാദ്യ ഉപകരണങ്ങളാണ് മംഗള ധ്വനിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ അതിഥികൾക്കും ആരതി സമയത്ത് മുഴങ്ങുന്ന മണികൾ നൽകുമെന്നും ക്ഷേത്ര അധികാരികൾ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ 12 മണിക്ക് ശ്രീ രാംലല്ലയുടെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തെ എല്ലാ പ്രധാന ആത്മീയ, മത വിഭാഗങ്ങളുടെയും പ്രതിനിധികളും പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കും. വിവിധ ഗോത്ര പ്രതിനിധികൾ ഉൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിശിഷ്‌ട സമ്മേളനത്തെ അഭിസംബോധന ചെയ്യും. എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും അഭിജിത്ത് മുഹൂർത്തത്തിൽ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുക.
121 ആചാര്യന്മാർ നേതൃത്വം നൽകുന്ന പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ ഏഴ് അധിവാസങ്ങളാണുള്ളത്. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ് എല്ലാ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ചടങ്ങിന്‍റെ പ്രധാന ആചാര്യൻ കാശിയിലെ ലക്ഷ്‌മീകാന്ത് ദീക്ഷിത് ആണ്.